പ്രതിപക്ഷം തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യ സംവിധാനത്തിൽ പ്രശ്നങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയല്ല, മറിച്ച് വ്യവസ്ഥിതിയിലെ വീഴ്ചകൾ ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിനിടെ ചിക്കാഗോ സർവകലാശാലയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പ്രൊഫസർ റോബർട്ട് പേപ്പ് മോഡറേറ്ററായ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പലരും ആവശ്യപ്പെടാറുണ്ടെങ്കിലും അത്തരമൊരു നീക്കം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം പവിത്രമാണെന്നും അതിന്റെ പ്രവർത്തനത്തിൽ പ്രശ്നങ്ങളുണ്ടെന്ന് ആരോപിക്കാൻ പോലും ശക്തമായ തെളിവുകൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ തന്ത്രം വ്യവസ്ഥിതിയെ തുറന്നുകാട്ടുക എന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. സംവിധാനത്തിന് പുറത്തുനിന്ന് പോരാടുന്നതിന് പകരം അതിനുള്ളിൽ നിന്നുകൊണ്ട് വീഴ്ചകൾ തുടർച്ചയായി ജനങ്ങളിലെത്തിക്കും. നിലവിലെ സംവിധാനം തകരാറിലാണെന്ന് ജനങ്ങൾക്ക് സ്വയം ബോധ്യപ്പെടുന്നതുവരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകൾ 2014ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ നിലനിൽക്കുന്നതാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടർപട്ടികയിൽ ക്രമക്കേടുകളും വോട്ട് മോഷണവും നടന്നതായി അദ്ദേഹം ആരോപിച്ചു.
വോട്ടർപട്ടികയിൽ വ്യാപകമായ കൃത്രിമം നടക്കുന്നതായി നേരത്തെ സംശയമുണ്ടായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അകത്തുനിന്നുള്ള വിവരങ്ങൾ ലഭിച്ചുതുടങ്ങിയതോടെയാണ് വിഷയത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമായതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


