...
Home News National സ്ത്രീ സുരക്ഷ പേരിന് മാത്രം; ബലാത്സംഗത്തിലും യുപി പോലീസ് നമ്പർ വൺ

സ്ത്രീ സുരക്ഷ പേരിന് മാത്രം; ബലാത്സംഗത്തിലും യുപി പോലീസ് നമ്പർ വൺ

രാജ്യത്തെ പോലീസ് സംവിധാനത്തെ ആകമാനം പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര കണക്കുകളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

165

ദേശീയ ക്രൈം റെക്കോർഡ് ബ്യുറോയുടെ റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടെ സ്ത്രീകള്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതിന്റെ പേരില്‍ 275 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യത്തെ പോലീസ് സംവിധാനത്തെ ആകമാനം പ്രതിക്കൂട്ടിലാക്കുന്ന ഗുരുതര കണക്കുകളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. എന്‍സിആര്‍ബി റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022-ല്‍ മാത്രം ഇത്തരത്തില്‍ 24 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017 മുതല്‍ 2022 വരെയുള്ള കാലത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 2017-ലാണ് ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് 89 സംഭവങ്ങളാണ് വിവധ സംസ്ഥാനങ്ങളിലായി അരങ്ങേറിയത്. 2017-ന് ശേഷം ഇത്തരം കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2018-ല്‍ കേസുകളുടെ എണ്ണം 60 ആയി കുറഞ്ഞപ്പോള്‍ 2019-ല്‍ 47, 2020-ല്‍ 29, കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെഷന്‍ 376(2) പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കസ്റ്റഡിയിലുള്ള സ്ത്രീകള്‍ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍, ജയിലര്‍, കസ്റ്റഡി അധികാരമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഈ വകുപ്പ് അധികാരം നല്‍കുന്നുണ്ട്. ആറ് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 275 കേസുകളില്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇക്കാലയളവില്‍ 92 സംഭവങ്ങളാണ് യുപിയില്‍ ഉണ്ടായത്. മധ്യപ്രദേശിനാണ് രണ്ടാം സ്ഥാനം, 43 എണ്ണം.

റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പോലീസ് സംവിധാനത്തിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് സംവിധാനങ്ങൾക്കുള്ളിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് വനിതാ ആക്ടിവിസ്റ്റുകൾ കുറ്റപ്പെടുത്തിയത്. കസ്റ്റഡി ബലാത്സംഗത്തിന്റെ മൂലകാരണങ്ങളും അനന്തരഫലങ്ങളും ഫലപ്രദമായി പരിഹരിക്കുന്നതിന് ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനവും നിയമ ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരങ്ങളും നിയമ നിർമാണങ്ങളുമാണ് അടിയന്തരമായുള്ള ആവശ്യമെന്ന് അഭിപ്രായം ഉയരുന്നുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.