ഉദുമ: പൊതുവേദിയിൽ പ്രത്യേക മതവിഭാഗങ്ങളെ പരാമർശിച്ച് സ്ത്രീകളെക്കുറിച്ച് അപകീർത്തികരവും വർഗീയസ്പർധ വളർത്തുന്നതുമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് സുരേഷ് കുമാറിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി. സംഭവത്തിൽ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റി മേൽപറമ്പ് പൊലീസിന് ഔദ്യോഗിക പരാതി നൽകി.
മതസൗഹാർദവും നാടിന്റെ സമാധാനാന്തരീക്ഷവും തകർക്കുകയെന്ന ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നുണ്ടെന്ന് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു. ഇത്തരം പ്രകോപനപരമായ പരാമർശങ്ങൾ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനും മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ എന്നും അവർ പറഞ്ഞു.
നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി.കെ. മുഹമ്മദ് ഷാ ആവശ്യപ്പെട്ടു.
മണ്ഡലം ജനറൽ സെക്രട്ടറി സംഷീർ ബി.എം., ഭാരവാഹികളായ മൊയ്തു ദേലമ്പാടി, സുൽവാൻ ചെമനാട്, റംഷീദ്, ഉനൈസ്, ഖാലിദ്, തൻസീർ, ജോഅർ, അൻസാർ, ഹൈദർ, സാദിഖ് കോളിയടുക്കം എന്നിവർ സംബന്ധിച്ചു.


