...
Home News National അസമിൽ സംഘർഷാവസ്ഥ; രാത്രിയിൽ കണ്ടാൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ധുബ്രി ജില്ലയിൽ

അസമിൽ സംഘർഷാവസ്ഥ; രാത്രിയിൽ കണ്ടാൽ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ധുബ്രി ജില്ലയിൽ

"ദുബ്രിയിൽ കലാപം സൃഷ്ടിക്കാൻ ഒരു മതവിഭാഗം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. അതുകൊണ്ടാണ് ഞാൻ ദുബ്രിയിൽ വന്നത്. ജില്ലയിൽ രാത്രിയിൽ അവരെ കണ്ടാൽ വെടിവച്ചുകൊല്ലാനുള്ള ഉത്തരവുകൾ നിലവിലുണ്ട്," ശർമ്മ ആവർത്തിച്ചു.

192

അസമിലെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ധുബ്രിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിച്ചു. ജില്ലയിലെ ക്രമസമാധാനം തകർക്കാനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനും ഒരു “മതവിഭാഗം” ശ്രമിക്കുന്നുണ്ടെന്നും അത്തരം പ്രവർത്തനങ്ങൾ ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച മുന്നറിയിപ്പ് നൽകി.

രാത്രിയിൽ ധുബ്രി ജില്ലയിൽ കണ്ടാൽ ഉടൻ വെടിവയ്ക്കൽ ഉത്തരവുകൾ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച അദ്ദേഹം ധുബ്രി സന്ദർശിച്ചു. കഴിഞ്ഞ കുറച്ച്ദിവസങ്ങളായി ധുബ്രി സംഘർഷഭരിതമാണ്. ജൂൺ 9 ന്, ധുബ്രി പട്ടണത്തിലെ ഒരു ക്ഷേത്രത്തിന് സമീപം മാംസക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനെത്തുടർന്ന്, 10 ന് അധികാരികൾ പട്ടണത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും അടുത്ത ദിവസം, ജൂൺ 11 ചൊവ്വാഴ്ച അവ പിൻവലിക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വെള്ളിയാഴ്ച ധുബ്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

“ഇന്ന് ഞാൻ ഗുവാഹത്തിയിൽ എത്തിയാലുടൻ, ആരെയെങ്കിലും കണ്ടാൽ വെടിവച്ചുകൊല്ലാൻ ഉത്തരവ് പുറപ്പെടുവിക്കും. ആരെങ്കിലും രാത്രിയിൽ പുറത്ത് അലഞ്ഞുനടക്കുകയോ കല്ലെറിയുകയോ ചെയ്താൽ അവരെ അറസ്റ്റ് ചെയ്യും.” ക്രമസമാധാന പാലനത്തിനായി ജില്ലയിൽ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (ആർഎഎഫ്) സിആർപിഎഫ് സേനയും വിന്യസിക്കുമെന്നും, ധുബ്രിയിലെ എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്ത് കഠിനമായി ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. “നിയമം കൈയിലെടുക്കുന്ന എല്ലാവരെയും ഞങ്ങൾ ഗൗരവമായി കാണും,” മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഒരാഴ്ചയായി ധുബ്രിയിലെ ക്രമസമാധാനനില ഒരു വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

ജൂൺ 7 ന് നടന്ന ബക്രീദ് ആഘോഷത്തിന്റെ പിറ്റേന്ന്, ജൂൺ 8 ന്, ജില്ലാ ആസ്ഥാനത്തെ ഹനുമാൻ ക്ഷേത്രത്തിന് മുന്നിൽ അജ്ഞാതരായ ആളുകൾ പശുവിന്റെ തല വച്ചിരുന്നുവെന്നും, ഈ സംഭവത്തിൽ സമാധാനം പാലിക്കാൻ ഹിന്ദു, മുസ്ലീം സമൂഹങ്ങൾ അഭ്യർത്ഥിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. എന്നാൽ , അടുത്ത ദിവസം, അതേ ക്ഷേത്രത്തിന് മുന്നിൽ ഒരു പശുവിന്റെ തല വച്ചതു മാത്രമല്ല, രാത്രിയിൽ കല്ലെറിഞ്ഞുവെന്നും അദ്ദേഹം വിശദീകരിച്ചു.

“ദുബ്രിയിൽ കലാപം സൃഷ്ടിക്കാൻ ഒരു മതവിഭാഗം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് എനിക്ക് വിവരം ലഭിച്ചു. അതുകൊണ്ടാണ് ഞാൻ ദുബ്രിയിൽ വന്നത്. ജില്ലയിൽ രാത്രിയിൽ അവരെ കണ്ടാൽ വെടിവച്ചുകൊല്ലാനുള്ള ഉത്തരവുകൾ നിലവിലുണ്ട്,” ശർമ്മ ആവർത്തിച്ചു. മാത്രമല്ല, ബക്രീദിന് ഒരു ദിവസം മുമ്പ്, ജൂൺ 6 ന്, ‘നബിൻ ബംഗ്ല’ എന്ന സംഘടന ധ്ബ്രിയെ ബംഗ്ലാദേശുമായി ലയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനപരമായ പോസ്റ്ററുകൾ പ്രദർശിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

മുമ്പ്ബ ക്രീദ് സമയത്ത് കുറച്ച് ആളുകൾ മാത്രമേ ബീഫ് കഴിച്ചിരുന്നുള്ളൂ, എന്നാൽ ഇത്തവണ പശ്ചിമ ബംഗാളിൽ നിന്ന് ആയിരക്കണക്കിന് കന്നുകാലികളെ ധ്ബ്രിയിലേക്ക് മാറ്റിയെന്നും, ഉത്സവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആയിരക്കണക്കിന് മൃഗങ്ങളെ ശേഖരിച്ച ഒരു ‘പുതിയ ബീഫ് മാഫിയ’ ധ്ബ്രിയിൽ ഉയർന്നുവന്നിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു. “ഈ വിഷയം എന്റെ ശ്രദ്ധയിൽപ്പെട്ടു, ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്. ഈ അനധികൃത കന്നുകാലി വ്യാപാരം ആരംഭിച്ചവരെ അറസ്റ്റ് ചെയ്യാൻ ഞാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.