...
Home News International ഉസ്‌മാൻ ഹാദിയുടെ മരണത്തിൽ ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു

ഉസ്‌മാൻ ഹാദിയുടെ മരണത്തിൽ ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു

അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യൂനുസ് ഉന്നതതല യോ​ഗം വിളിച്ചുചേർത്തു

270

ധാക്കയിലെ ബിജോയ്‌നഗറിൽ ഡിസംബർ 12ന് നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ ഷെരീഫ് ഉസ്‌മാൻ ഹാദി മരിച്ചതിനെ തുടർന്ന് ബം​ഗാളിൽ കനത്ത പ്രതിക്ഷേധവും സംഘർഷവും. രാജ്ഷാഹിയിലെ അവാമി ലീ​ഗിൻ്റെ ഓഫീസ് ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു.

ഗുരുതര അവസ്ഥയിലായ ഹാ​ദിയെ ആദ്യം ധാക്കയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 15ന് എയർ ആംബുലൻസിൽ സിംഗപ്പൂരിലേക്ക് മാറ്റിയിരുന്നു. സിംഗപ്പൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അദ്ദേഹം മരിച്ചത്.

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും സർക്കാരിനുമെതിരായ പ്രതിക്ഷേധങ്ങളിലെ പ്രമുഖ വ്യക്തിയും ഇങ്ക്വിലാബ് മഞ്ച് കൺവീനറുമായിരുന്നു ഹാദി. ബംഗാളി പത്രമായ പ്രഥം ആലോയുടെയും ഡെയ്‌ലി സ്റ്റാറിൻ്റെയും ഓഫീസുകൾ പ്രതിഷേധക്കാർ ആക്രമിക്കുകയും തീയിടുകയും ചെയ്‌തു. ഹാദിയെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രക്ഷോഭം നടത്തിയത്.

അതേസമയം, ഹാദിയുടെ മരണശേഷം, ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവൻ മുഹമ്മദ് യൂനുസ് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് ജനങ്ങളോട് ശാന്തത പാലിക്കാനും നിയമം കൈയിലെടുക്കരുതെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ അക്രമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ യൂനുസ് ഉന്നതതല യോ​ഗം വിളിച്ചുചേർത്തു. വെള്ളിയാഴ്‌ച ദേശീയ ദുഃഖാചരണ ദിനമായി യൂനുസ് പ്രഖ്യാപിച്ചു.

2024 ജൂലൈയിൽ ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിൽ പ്രധാന പങ്കുവഹിച്ചതിന് ശേഷമാണ് ഹാദി പ്രശസ്‌തിയിലേക്ക് ഉയർന്നത്. അതേസമയം വ്യാഴാഴ്‌ച രാത്രി ചിറ്റഗോങ്ങിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഓഫീസിന് നേരെ കല്ലെറിഞ്ഞിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.