...
Home News Kerala ‘ഏഴു വർഷത്തിലധികം നീണ്ടുനിന്ന വിചാരണക്കാലം’; നടിയെ ആക്രമിച്ച കേസിലെ നാൾവഴി ഇങ്ങനെ

‘ഏഴു വർഷത്തിലധികം നീണ്ടുനിന്ന വിചാരണക്കാലം’; നടിയെ ആക്രമിച്ച കേസിലെ നാൾവഴി ഇങ്ങനെ

ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങൾ

230

കുറ്റന്വേഷണ ചരിത്രത്തിലെ അസാധാരണമായ ഒരു ഏടാണ് നടിയെ ആക്രമിച്ച കേസ്. നീണ്ട വിചാരണ കാലത്തിന് ശേഷം തിങ്കളാഴ്‌ച കേസിൽ വിധി പറഞ്ഞു. ആ സംഭവ ബഹുലമായ നാൾ വഴിയിലേക്ക് നോക്കാം

2017 ഫെബ്രുവരി 17ന് രാവിലെ ഏഴരയോടെ ആണ് കേരളത്തെ ഞെട്ടിച്ച വാർത്തയുടെ തുടക്കം. എറണാകുളത്ത് യുവനടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം എന്നതായിരുന്നു ആ വാർത്ത. എന്നാൽ യുവനടിയുടെ മൊഴിയിലും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും പുറത്തുവന്നത് ഒരു സ്ത്രീക്ക് നേരിടേണ്ടി വന്ന അതിക്രൂരമായ ലൈംഗിക അതിക്രമത്തിൻ്റെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

2017 ഫെബ്രുവരി 17:

അങ്കമാലി അത്താണിക്ക് സമീപം പ്രമുഖ യുവനടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്‌തതായി പരാതി. ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റെണി പൊലീസ് കസ്റ്റഡിയിൽ.

2017 ഫെബ്രുവരി 18:

സിനിമരംഗത്ത് പ്രവർത്തിക്കുന്ന ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽകുമാർ (പൾസർ സുനി), കൂട്ടാളി സലിം എന്നിവരെ പൊലീസ് തിരയുന്നു. നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്ട്രേട്ട് രേഖപ്പെടുത്തി. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി.

2017 ഫെബ്രുവരി 19:

ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിൻ്റെ പിടിയിലായി.

2017 ഫെബ്രുവരി 20:

പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ട് നിന്ന് പിടികൂടി.

2017 ഫെബ്രുവരി 21:

നടൻ ദിലീപിൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

2017 ഫെബ്രുവരി 23:

എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ മുഖ്യപ്രതി പെരുമ്പാവൂ‍ർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ, തലശേരി സ്വദേശി വിജീഷ് എന്നിവരെ കോടതി മുറിയിൽ നിന്ന് നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌തു.

2017 ഫെബ്രുവരി 26:

സുനിൽകുമാറും കൂട്ടാളി വിജീഷും കോയമ്പത്തൂരിൽ ഒളിവിൽ താമസിച്ചിരുന്ന പീളമേട് ശ്രീറാം കോളനിയിലെ വാടക വീട്ടിൽ നിന്നു മൊബൈൽ ഫോൺ, ടാബ്‌ലറ്റ് കംപ്യൂട്ടർ, ടി ഷർട്ട് എന്നിവ പൊലീസ് കണ്ടെടുത്തു

2017 ഏപ്രിൽ 18:

സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

2017 ഏപ്രിൽ 20:

വിഷ്‌ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായി കാണിച്ച് നടൻ ദിലീപ് ഡിജിപിക്ക് പരാതി നൽകി.

2017 ജൂൺ 23

പരാതിക്കാരിയായ യുവനടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.

2017 ജൂൺ 24:

ഒന്നരക്കോടി രൂപ ഫോണിലൂടെ ആവശ്യപ്പെട്ടതായി സംവിധായകനും നടനുമായ നാദിർഷ.

2017 ജൂൺ 25:

ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്‌ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു. കത്ത് എഴുതിയതായി സുനി അന്വേഷണ സംഘത്തിന് മൊഴി നൽകി.

2017 ജൂൺ 28:

പുതിയ വെളിപ്പെടുത്തലുകളെ തുടർന്ന് ദിലീപ്, നാദിർഷ, ദിലീപിൻ്റെ സഹായി അപ്പുണ്ണി എന്നിവരെ അന്വേഷണ സംഘം ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ ചോദ്യം ചെയ്‌തു.

2017 ജൂൺ 29:

അമ്മ യോഗത്തിൽ നടിയെ ആക്രമിച്ച വിഷയം കാര്യമായി ചർച്ച ചെയ്യാത്തതും വാർത്താ സമ്മേളനത്തിൽ ചില നടൻമാർ ക്ഷുഭിതരായതും വിവാദമായി.

2017 ജൂലൈ 02:

ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിന് തെളിവ്‌ ലഭിച്ചു

2017 ജൂലൈ 08:

ദിലീപിൻ്റെ പല സുഹൃത്തുക്കളെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു.

2017 ജൂലൈ 10:

ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നു.

2017 ജൂലൈ 11:

അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്‌ത്‌ ആലുവ സബ് ജയിലിലടച്ചു.

2017 ജൂലൈ 20:

തെളിവ്‌ നശിപ്പിച്ചതിന് സുനിൽ കുമാറിൻ്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്റ്റിൽ.

2017 ഓഗസ്റ്റ് രണ്ട്:

പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്റ്റിൽ.

2017 ഓഗസ്റ്റ് 15:

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക്‌ ദിലീപിൻ്റെ അമ്മയുടെ കത്ത്.

2017 സെപ്റ്റംബർ രണ്ട്:

അച്ഛൻ്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി.

2017 ഒക്ടോബർ മൂന്ന്:

കർശന ഉപാധികളോടെ ദിലീപിന് ജാമ്യം.

2017 നവംബർ 15:

അറസ്റ്റിലായ ശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് വീണ്ടും ചോദ്യം ചെയ്‌തു.

‌2017 നവംബർ 21:

ബിസിനസ് ആവശ്യത്തിന് വിദേശത്ത് പോകാൻ ദിലീപിന് ഹൈക്കോടതിയുടെ അനുമതി.

2017 നവംബർ 22:

ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

2018 മാർച്ച്

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിൻ്റെ വിചാരണ ആരംഭിച്ചു

2021 ഡിസംബർ 15:

ദിലീപിന് എതിരെ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ നിർണായ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ശക്തമായ ആരോപണവുമായി ബാലചന്ദ്രകുമാർ

2O22 ജനുവരി:

അന്വേഷണ ഉദ്യോഗസ്ഥരെ അപായപെടുത്താൻ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ്

2022 ഫെബ്രുവരി 7:

രണ്ടാമത്തെ കേസിൽ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

2025 മെയ് 21:

വിചാരണ പൂർത്തിയാക്കി കേസ് അന്തിമ വാദത്തിലേക്ക്.

2025 ജൂലൈ:

അന്തിമ വാദവും അവസാന നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളത്തെ പ്രത്യേക കോടതി വിധി പ്രസ്‌താവത്തിന് ഒരുങ്ങി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.