തിരുവനന്തപുരം നിലമേലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച ഒമ്പതു വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങൾ ദാനം ചെയ്‌തു. തിരുവനന്തപുരം തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രൻ്റെയും സിഎം അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ഒരു വൃക്കയും, കരളും ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ, തുടങ്ങി അഞ്ച് അവയവങ്ങളാണ് ദാനം ചെയ്‌തത്.
ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ രോഗിക്കുമാണ് നൽകിയത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്‌തു. ഇക്കഴിഞ്ഞ ഡിസംബർ 15ന് കൊല്ലം നിലമേലിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും, സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. കാറിലുണ്ടായിരുന്ന ദേവപ്രയാഗിൻ്റെ നില അതീവഗുരുതര അസ്ഥയിലായിരുന്നു. മൂന്നുപേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ഗുരുതരാവസ്ഥ തുടർന്ന ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയും കുടുംബാംഗങ്ങൾ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയും ആയിരുന്നു.
ദേവപ്രയാഗ് ശാന്തിനികേതൻ സ്‌കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. ദേവപ്രയാഗിൻ്റെ അമ്മ സിഎം അഖില ആർടിഒ ഓഫീസിൽ ജോലി ചെയ്‌തു വരുന്നു. ബിജു ചന്ദ്രൻ, ബീന എന്നിവർ ബിച്ചു ചന്ദ്രൻ്റെ സഹോദരങ്ങളാണ്.



