...
Home News National ‘ബാപ്പുവിനെ അപമാനിച്ചു’; ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം

‘ബാപ്പുവിനെ അപമാനിച്ചു’; ജി റാം ജി ബില്ലിനെതിരെ പ്രതിഷേധം

297

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മഹാത്മാഗാന്ധിയെ അപമാനിച്ചുവെന്ന് ആരോപിച്ച്, സർക്കാരുമായി പുതിയൊരു തർക്കവിഷയമായി മാറിയ വിബി- ജി റാം ജി ബില്ലിനെതിരെ ചൊവ്വാഴ്‌ച പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ നിരവധി പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ, കോൺഗ്രസിൻ്റെ പ്രിയങ്ക ഗാന്ധി വാദ്ര, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, ഡി‌എം‌കെയുടെ ടി‌ആർ ബാലു, ആർ‌എസ്‌പിയുടെ എൻ‌കെ പ്രേംചന്ദ്രൻ തുടങ്ങിയവർ സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധിജിയെ അപമാനിക്കുന്നത് രാജ്യം സഹിക്കില്ല എന്ന മുദ്രാവാക്യം അവർ മുഴക്കി.

മുൻ യുപിഎ സർക്കാർ നടപ്പിലാക്കിയ ഗ്രാമീണ തൊഴിലുറപ്പ് നിയമമായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എംജിഎൻആർഇജിഎ) 2005- സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പാർലമെന്റിൻ്റെ മകർ ദ്വാറിൻ്റെ പടികൾക്കടുത്ത് മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി ഒത്തുകൂടിയ പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഹൗസ് സമുച്ചയത്തിലെ പ്രേരണ സ്ഥലിലുള്ള രാഷ്ട്രപിതാവിൻ്റെ പ്രതിമയിലേക്ക് നടന്നു.

പദ്ധതികളുടെ പേരുകൾ മാറ്റുന്നതിൽ സർക്കാരിനുള്ള അമിതമായ താൽപ്പര്യത്തെ പ്രിയങ്ക ഗാന്ധി മാധ്യമ പ്രവർത്തകരോട് വിമർശിച്ചു.

“ഒന്നാമതായി, പദ്ധതികളുടെ പേരുമാറ്റുന്ന പ്രക്രിയക്ക് രാജ്യത്തിന് ധാരാളം പണം ചിലവാകും. അതിനാൽ അവർ എന്തിനാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല,” -പ്രിയങ്ക ഗാന്ധി പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രണ്ടാമതായി, എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ ദരിദ്രരിൽ ഏറ്റവും ദരിദ്രർക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുനൽകി. എന്നാൽ പുതിയ ബിൽ എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് കീഴിലുള്ള ഈ അവകാശത്തെ ദുർബലപ്പെടുത്തുമെന്ന് അവർ പറഞ്ഞു.

പ്രവൃത്തി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉപരിപ്ലവമായി നിർദ്ദേശിക്കുന്ന രണ്ടോ മൂന്നോ കാര്യങ്ങൾ സർക്കാർ ബില്ലിൽ ചേർത്തിട്ടുണ്ട്. “എന്നാൽ വേതന നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ടോ?” -അവർ ചോദിച്ചു.

“ഇത്രയും വർഷങ്ങളായി, നിങ്ങൾ (സർക്കാർ) എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്കുള്ള ഫണ്ട് കുറക്കുകയാണ്, എവിടെ പോയാലും പണം വന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു,” -പ്രിയങ്ക ഗാന്ധി പറഞ്ഞു.

നേരത്തെ, പദ്ധതി പ്രകാരം ചെയ്യേണ്ട ജോലികൾ ഗ്രാമ പഞ്ചായത്താണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ ബിൽ കേന്ദ്രത്തിന് ആ അവകാശവും ഫണ്ട് എവിടെ അനുവദിക്കണമെന്നും നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു.

“അതിനാൽ ഫണ്ട് എവിടെ അനുവദിക്കണം, എവിടെ ജോലി ചെയ്യണം എന്ന് തീരുമാനിക്കാനുള്ള ഗ്രാമ പഞ്ചായത്തിൻ്റെ അവകാശം കവർന്നെടുക്കപ്പെടുന്നു. അതിനാൽ എല്ലാ വീക്ഷണ കോണുകളിൽ നിന്നും ഈ ബിൽ തെറ്റാണെന്ന് ഞങ്ങൾക്ക് തോന്നുന്നു,” -പ്രിയങ്ക ഗാന്ധി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ പേര് “നീക്കം ചെയ്യുന്നതിനെതിരെ” പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പുകൾക്ക് ഇടയിലാണ്, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിക്‌സിത് ഭാരത് ഗ്യാരണ്ടി ബിൽ, 2025, ലോക്‌സഭയിൽ അവതരിപ്പിച്ചത്.

ആമുഖ ഘട്ടത്തിൽ തന്നെ നിർദ്ദിഷ്ട നിയമനിർമ്മാണത്തെ പ്രതിപക്ഷ അംഗങ്ങൾ ശക്തമായി എതിർക്കുകയും ബിൽ കൂടുതൽ പരിശോധനയ്ക്കായി പാർലമെൻ്റെറി പാനലിന് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. മഹാത്മാ ഗാന്ധിയുടെ ഫോട്ടോകൾ ഉയർത്തിപ്പിടിച്ച് അവർ സഭയുടെ നടുത്തളത്തിലിറങ്ങി.

ബില്ലിൻ്റെ ഒരു പകർപ്പ് അനുസരിച്ച്, അവിദഗ്ദ്ധ കായിക ജോലികൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂർത്തിയായ അംഗങ്ങളുടെ ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ വേതന തൊഴിൽ എന്ന നിയമപരമായ ഉറപ്പ് ഇത് നൽകും.

VB-G RAM G ആക്ട് ആരംഭിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ, സംസ്ഥാനങ്ങൾ പുതിയ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായ ഒരു പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.

‘വിക്ഷിത് ഭാരത് 2047’ എന്ന ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക നിയമപരമായ ചട്ടക്കൂട് നിർദ്ദിഷ്ട നിയമനിർമ്മാണം സ്ഥാപിക്കുമെന്ന് ഗ്രാമവികസന മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളിലൂടെ ജലസുരക്ഷ, പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക പ്രവർത്തനങ്ങൾ എന്നിങ്ങനെ നാല് മുൻഗണനാ മേഖലകളിലൂടെ തൊഴിലവസരങ്ങളും സുസ്ഥിരമായ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളും സൃഷ്‌ടിക്കുക എന്നതാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് അതിൽ പറയുന്നു. -ഉറവിടം: പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.