പസഫിക് സമുദ്രത്തിലെ ചെറിയ ദ്വീപ് രാഷ്ട്രമായ ടുവാലു കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങൾ നേരിടുന്ന രാജ്യങ്ങളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. വത്തിക്കാനിന് ശേഷം ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ടുവാലു, ഉയരുന്ന സമുദ്രനിരപ്പ് കാരണം ഭാവിയിൽ ഭാഗികമായോ പൂർണമായോ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയിലാണ്.
വെറും 25.14 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ടുവാലു, ഒൻപത് ചെറിയ അറ്റോളുകളുടെ കൂട്ടമാണ്. രാജ്യത്തിന്റെ തലസ്ഥാനമായ Funafuti യിലെ വിമാനത്താവള റൺവേയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുസ്ഥലം. വിമാനങ്ങൾ ഇല്ലാത്ത സമയങ്ങളിൽ ഈ റൺവേ കുട്ടികളുടെ ഫുട്ബോൾ മൈതാനമായും നാട്ടുകാരുടെ സായാഹ്ന സഞ്ചാരകേന്ദ്രമായും മാറുന്നു.
ഉയരുന്ന സമുദ്രനിരപ്പ്; നിലനിൽപ്പിന് ഭീഷണി
ടുവാലുവിലെ ഏറ്റവും ഉയർന്ന പ്രദേശം പോലും സമുദ്രനിരപ്പിൽ നിന്ന് വെറും 4.6 മീറ്റർ മാത്രമാണ് ഉയരമുള്ളത്. ഫ്യൂനാഫുട്ടിയിലെ സമുദ്രനിരപ്പ് നിരീക്ഷണ കണക്കുകൾ പ്രകാരം ഇവിടെ സമുദ്രനിരപ്പ് പ്രതിവർഷം ഏകദേശം 3.9 മില്ലിമീറ്റർ വീതം ഉയരുന്നു. ഇത് ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
അടുത്ത നൂറ്റാണ്ടിനുള്ളിൽ സമുദ്രനിരപ്പ് 20 മുതൽ 40 സെന്റീമീറ്റർ വരെ ഉയർന്നാൽ ടുവാലുവിലെ നിരവധി പ്രദേശങ്ങൾ വാസയോഗ്യമല്ലാതാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തീരദേശ മണ്ണൊലിപ്പും കടൽവെള്ളം ശുദ്ധജല സ്രോതസുകളിലേക്ക് കയറുന്നതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണ്.
2015-ൽ വീശിയടിച്ച പാം ചുഴലിക്കാറ്റ് രാജ്യത്തെ കാർഷിക വിളകളുടെ ഏകദേശം 90 ശതമാനം നശിപ്പിക്കുകയും ജനസംഖ്യയുടെ 45 ശതമാനത്തോളം പേരെ താൽക്കാലികമായി കുടിയിറക്കുകയും ചെയ്തിരുന്നു.
ചെറിയ ജനസംഖ്യ, വലിയ വെല്ലുവിളികൾ
ടുവാലുവിലെ ഭൂരിഭാഗം ജനങ്ങളും പോളിനേഷ്യൻ വംശജരാണ്. ജനസംഖ്യാ വളർച്ചാ നിരക്ക് പോസിറ്റീവായിരുന്നാലും കുടിയേറ്റം വർധിക്കുന്നതാണ് രാജ്യത്തെ മറ്റൊരു വെല്ലുവിളി. തൊഴിലും മികച്ച ജീവിതസാഹചര്യങ്ങളും തേടി നിരവധി പേർ വിദേശരാജ്യങ്ങളിലേക്ക് പോകുന്നുണ്ട്.
.tv ഡൊമെയ്ൻ; വരുമാനത്തിന്റെ പ്രധാന ഉറവിടം
മത്സ്യബന്ധനം, വിദേശസഹായം, പ്രവാസികളുടെ പണമയയ്ക്കൽ എന്നിവയാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗങ്ങൾ. അതേസമയം, ടുവാലുവിന് സ്വന്തമായുള്ള “.tv” ഇന്റർനെറ്റ് ഡൊമെയ്ൻ രാജ്യത്തിന് ശ്രദ്ധേയമായ വരുമാനം നൽകുന്നുണ്ട്. ലോകമെമ്പാടുമുള്ള ടെലിവിഷൻ, വീഡിയോ, മീഡിയ കമ്പനികൾക്ക് .tv ഡൊമെയ്ൻ ലൈസൻസ് നൽകുന്നതിലൂടെ രാജ്യം വലിയ സാമ്പത്തിക നേട്ടമാണ് നേടുന്നത്.
ലോകത്തിലെ ആദ്യ ഡിജിറ്റൽ രാജ്യത്തിലേക്ക്
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഭാവിയിൽ രാജ്യം വെള്ളത്തിനടിയിലാകുമെന്ന ആശങ്കക്കിടെ, സ്വന്തം ചരിത്രവും സംസ്കാരവും ദേശീയ വ്യക്തിത്വവും സംരക്ഷിക്കാൻ ടുവാലു പുതിയ വഴികൾ തേടുകയാണ്. അതിന്റെ ഭാഗമായി മെറ്റാവേഴ്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ ഒരു ഡിജിറ്റൽ പതിപ്പ് സൃഷ്ടിക്കുന്ന പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് ഭീഷണിയിലായാലും, ഡിജിറ്റൽ ലോകത്ത് ടുവാലുവിന്റെ സാന്നിധ്യം നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


