...
Home News Kerala ‘മുട്ടില്‍ മരംമുറി’; പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു

‘മുട്ടില്‍ മരംമുറി’; പ്രതികള്‍ക്ക് തിരിച്ചടി, ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി കോടതി ശരിവച്ചു

ഉത്തരവിൻ്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു

306

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. 2021-ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.

ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നും ആണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടില്‍ ഈട്ടിക്കൊള്ളക്കേസിലെ നിര്‍ണ്ണായക വിധിയാണ് വയനാട് ജില്ലാ കോടതിയുടേത്. 10 കോടിയിലധികം രൂപ വിലമതിക്കുന്ന 120 ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികളായ ആന്റോ അഗസ്റ്റില്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വനംവകുപ്പിൻ്റെ നടപടി കോടതി ശരിവച്ചത്. ജില്ലാ ജഡ്‌ജി വി.മൃദുലയുടേതാണ് ഉത്തരവ്.

ഉപാധികളോടെ പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ 2020 ഒക്ടോബറിലാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. 1960ന് ശേഷം നട്ടുവളര്‍ത്തിയതും സ്വയം കിളിര്‍ത്തതുമായ ചന്ദനമൊഴികെയുള്ള മരങ്ങള്‍ മുറിക്കാനായിരുന്നു വിവാദ ഉത്തരവിറങ്ങിയത്. ഉത്തരവിൻ്റെ മറവില്‍ വ്യാപകമായി ഈട്ടിക്കൊള്ള നടന്നതോടെ 2021 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഇതിനകം 100 മുതല്‍ 250 വര്‍ഷം പഴക്കമുള്ള ഈട്ടി മരങ്ങള്‍ക്ക് മേല്‍ കോടാലി പതിച്ചു.

വനംവകുപ്പ് 41 കേസുകള്‍ ചുമത്തിയിരുന്നു. വനം, പൊലീസ്, റവന്യൂ വകുപ്പുകള്‍ 120 -ലധികം കേസുകളെടുത്തു. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്ന നടപടി തുടരുന്നുമുണ്ട്. ജില്ല ഗവ. പ്ലീഡര്‍ അഡ്വ ജയപ്രമോദാണ് കേസില്‍ ഹാജരായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.