...
Home News Kerala സൂപ്പര്‍ലീഗ് കേരള; കോഴിക്കോട്ടെ രണ്ടാം സെമി ഫൈനലും മാറ്റി

സൂപ്പര്‍ലീഗ് കേരള; കോഴിക്കോട്ടെ രണ്ടാം സെമി ഫൈനലും മാറ്റി

കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയും തമ്മിലുള്ള രണ്ടാം സെമി മാറ്റിയതായാണ് അറിയിച്ചത്

232

തൃശ്ശൂരില്‍ ഞായറാഴ്‌ച നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിൻ്റെ ആദ്യ സെമി ഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സിയും തമ്മിലുള്ള രണ്ടാം സെമി മാറ്റിയതായാണ് സംഘാടകര്‍ അറിയിച്ചത്.

കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മാജിക് എഫ്.സിയും മലപ്പുറം എഫ്‌.സിയും തമ്മിലുള്ള സെമി ഫൈനല്‍ സുരക്ഷ പ്രശ്‌നം ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ പോലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് ടൂര്‍ണമെന്റ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയത് പ്രകാരം മാറ്റിയിരുന്നു.

പ്രാദേശിക ഭരണകൂടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം നടക്കാനിരിക്കെ സുരക്ഷാ ചുമതലക്കായി സേനാംഗങ്ങളെ വിന്യസിച്ചിരിക്കുകയാണ്. ഇതിന് പുറമെ ശബരിമലയിലും സുരക്ഷാ ജോലിക്കായി സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന് എത്തുന്ന നൂറുകണക്കിന് കാണികളെ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നിരിക്കെ മത്സരം നടത്തുന്നത് സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

തൃശ്ശൂരും അയല്‍ജില്ലയായ മലപ്പുറവും തമ്മിലുള്ള മത്സരമായതിനാല്‍ തന്നെ ധാരാളം കാണികള്‍ എത്തിയേക്കാം. വിരലിൽ എണ്ണാവുന്ന പോലീസുകാരെ വെച്ച് തിരക്ക് നിയന്ത്രിക്കാനാകില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി സംഘാടകര്‍ക്കും ഇരുടീമുകളുടെയും മാനേജ്‌മെന്റിനും പോലീസ് കമ്മിഷണര്‍ നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍ വോട്ടെണ്ണലിന് ശേഷം സൗകര്യപ്പെടുന്ന ഏത് തീയ്യതിയിലും മത്സരം നടത്താമെന്നും നിര്‍ദ്ദേശങ്ങളിലുണ്ട്. ഇരുമത്സരങ്ങളുടെയും പുതുക്കിയ മത്സര തീയ്യതികള്‍ പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.