...
Home News National ആവാസ് യോജന തുകയുമായി കാമുകന്മാരുടെ കൂടെ പോയി; 11 സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച സംഭവം യുപിയിൽ

ആവാസ് യോജന തുകയുമായി കാമുകന്മാരുടെ കൂടെ പോയി; 11 സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച സംഭവം യുപിയിൽ

ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന

247

ലക്‌നൗ: കേന്ദ്ര സർക്കാരിൻ്റെ പ്രധാനമന്ത്രി ആവാസ് യോജനയുടെ തുകയുമായി ഭർത്താക്കന്മാരെ ഉപേക്ഷിച്ച് 11 സ്ത്രീകൾ കാമുകന്മാർക്കൊപ്പം പോയതായി പരാതി. ഉത്തർപ്രദേശിലെ 11 സ്ത്രീകളാണ് ആവാസ് യോജനയുടെ ആദ്യ ഗഡു തുകയായ 40,000 രൂപയുമായി കാമുകന്മാരോടൊപ്പം ഒളിച്ചോടിയത്. റിപ്പോർട്ടുകൾ പ്രകാരം, മഹാരാജ് ഗഞ്ച് ജില്ലയിൽ നിന്നുള്ള പതിനൊന്നോളം സ്ത്രീകളാണ് കാമുകന്മാരോടൊപ്പം മുങ്ങിയിരിക്കുന്നത്. സ്ത്രീകളുടെ ഭർത്താക്കന്മാർ പൊലീസിൽ പരാതി നൽകിയതോടെ ആണ് സംഭവം പുറത്തറിയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു.

സംഭവത്തെ തുടർന്ന് ഗുണഭോക്താക്കൾക്കുള്ള രണ്ടാം ഗഡു നൽകുന്നത് നിർത്തിവയ്ക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നിർമിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. കുടുംബത്തിൻ്റെ വരുമാനത്തിന് അനുസരിച്ച് 2.5 ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡിയും നൽകും. ആവാസ് യോജന പദ്ധതി വഴി ലഭിക്കുന്ന തുക ദുരുപയോ​ഗം ചെയ്യുന്നതായോ, മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോ​ഗിക്കുന്നതായോ കണ്ടെത്തിയാൽ അധികാരികൾക്ക് പണം തിരികെ ചോദിക്കാനുളള അവകാശമുണ്ട്.

കഴിഞ്ഞ വർഷവും ഉത്തർപ്രദേശിൽ സമാന രീതിയിലുളള സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. പിഎംഎവൈ പദ്ധതി പ്രകാരം പണം കൈപ്പറ്റി വിവാഹിതരായ നാലു സ്ത്രീകൾ കാമുകൻമാർക്കൊപ്പം പോയതായാണ് റിപ്പോർട്ട്. പദ്ധതി പ്രകാരമുളള ആദ്യ ​ഗഡു ലഭിച്ചിട്ടും ഗുണഭോക്താക്കൾ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ അധികൃതർ നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ആദ്യഗഡു അനുവദിക്കപ്പെട്ടവർക്ക് ജില്ലാ നഗരവികസന ഏജൻസിയുടെ മുന്നറിയിപ്പും ലഭിച്ചതോടെയാണ് സംഭവം പുറത്ത് വന്നതെന്നാണ് റിപ്പോർട്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.