...
Home News National യുപിയിൽ ആളൊഴിഞ്ഞ വീട്ടിൽ അനുമതിയില്ലാതെ നമസ്‌കരിച്ച 12 പേർ അറസ്റ്റിൽ

യുപിയിൽ ആളൊഴിഞ്ഞ വീട്ടിൽ അനുമതിയില്ലാതെ നമസ്‌കരിച്ച 12 പേർ അറസ്റ്റിൽ

താൽക്കാലിക മദ്രസയായി ഉപയോഗിക്കുന്നുണ്ടെന്ന് ആളുകളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മുൻകരുതൽ നടപടി

237

ബറേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ ‘അനുമതിയില്ലാതെ’ ആളൊഴിഞ്ഞ വീട്ടിൽ നമസ്‌കാരം നടത്തിയതിന് 12 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ ഞായറാഴ്‌ച അറിയിച്ചു.

വീടിനുള്ളിൽ ആളുകൾ പ്രാർത്ഥന നടത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ പുറത്തു വന്നിട്ടുണ്ടെന്നും അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

മുഹമ്മദ്ഗഞ്ച് ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ വീട് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി താൽക്കാലിക മദ്രസയായി ഉപയോഗിക്കുന്നുണ്ടെന്ന് ആളുകളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് മുൻകരുതൽ നടപടി സ്വീകരിച്ചതായി എസ്.പി (സൗത്ത്) അൻഷിക വർമ്മ പറഞ്ഞു.

“അനുവാദമില്ലാതെ ഏതെങ്കിലും പുതിയ മതപരമായ പ്രവർത്തനങ്ങളോ ഒത്തുചേരലുകളോ നടത്തുന്നത് നിയമലംഘനമാണ്. അത്തരം പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കും,” സമാധാനവും ക്രമസമാധാനവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് അവർ പറഞ്ഞു.

അറസ്റ്റിലായ 12 പേർക്കെതിരെയും സമാധാന ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസെടുത്തതായും പിന്നീട് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായും അദ്ദേഹം ജാമ്യം അനുവദിച്ചതായും പോലീസ് പറഞ്ഞു. ഒളിവിൽ പോയ മൂന്ന് പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.

പോലീസ് പറയുന്നത് അനുസരിച്ച്, ഒഴിഞ്ഞുകിടക്കുന്ന വീട് ഒരു ഹനീഫിൻ്റെത് ആണെന്നും വെള്ളിയാഴ്‌ച നമസ്‌കാരത്തിനായി താൽക്കാലികമായി ഉപയോഗിച്ചിരുന്നത് ആണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി .

അധികാരികൾ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലമുള്ള അനുമതിയോ സാധുവായ രേഖകളോ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് അവർ പറഞ്ഞു.

വീട്ടിൽ അനുവാദമില്ലാതെ പതിവായി പ്രാർത്ഥന നടത്തുന്നതിനെ ചില ഗ്രാമവാസികൾ എതിർത്തതായും അധികൃതരെ അറിയിച്ചതായും തുടർന്ന് പോലീസ് സ്ഥലത്തെത്തി യോഗം നിർത്തിവെച്ചതായും പോലീസ് പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി ഓൺലൈൻ വീഡിയോ കണക്കിലെടുത്തെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. -പിടിഐ, ചിത്രം: സങ്കൽപികം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.