Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
’13 കോടി വോട്ടർമാരെ ശുദ്ധീകരിച്ചു’; യുഎസ് നിയമസഭാംഗം ജയപാലിന്റെ വാദത്തെ ഇന്ത്യ വിമർശിച്ചു | Nalamidam
15 October 2026
Home News International ’13 കോടി വോട്ടർമാരെ ശുദ്ധീകരിച്ചു’; യുഎസ് നിയമസഭാംഗം ജയപാലിന്റെ വാദത്തെ ഇന്ത്യ വിമർശിച്ചു

’13 കോടി വോട്ടർമാരെ ശുദ്ധീകരിച്ചു’; യുഎസ് നിയമസഭാംഗം ജയപാലിന്റെ വാദത്തെ ഇന്ത്യ വിമർശിച്ചു

പ്രമീള ജയപാൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര

17

ന്യൂഡൽഹി: ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും കുറിച്ച് യുഎസ് കോൺഗ്രസ് അംഗം പ്രമീള ജയപാൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. ഇന്ത്യയുടെ തിരഞ്ഞെടുപ്പ്, രാഷ്ട്രീയ പ്രക്രിയകളെക്കുറിച്ചുള്ള പരാമർശങ്ങൾ ആഭ്യന്തര കാര്യങ്ങളിലുള്ള അസ്വീകാര്യമായ ഇടപെടലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കരട് വോട്ടർ പട്ടികയിൽനിന്ന് വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ജയപാലിന്റെ വിമർശനങ്ങൾക്ക് എക്‌സിലൂടെയാണ് ക്വാത്ര മറുപടി നൽകിയത്. ശക്തമായതും സ്വതന്ത്രവുമായ ഭരണഘടനാ സ്ഥാപനങ്ങളുള്ള ഇന്ത്യയിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾക്ക് ദീർഘകാല ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയപാലിന്റെ തെറ്റിദ്ധാരണകൾ നീക്കുന്നതിനായി അവരുമായി ക്രിയാത്മകമായ സംഭാഷണം നടത്താൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അംബാസഡർ വ്യക്തമാക്കി.

ഇന്ത്യയിലെ വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ ആളുകളെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രമീള ജയപാലിന്റെ വിമർശനം. 13 കോടി ആളുകളെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ സർക്കാരിന്റെ നടപടികളിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്ന് അവർ എക്‌സിലെ പോസ്റ്റിൽ കുറിച്ചിരുന്നു.

ഇന്ത്യയിലെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുവെന്ന് താൻ വിശേഷിപ്പിച്ച നടപടികൾക്കെതിരെ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങൾക്കും വാഷിംഗ്ടൺ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റിക് അംഗമായ ജയപാൽ പിന്തുണ പ്രഖ്യാപിച്ചു.

ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ഒരു യുഎസ് നിയമനിർമാതാവ് പരസ്യമായി പ്രതികരിച്ച സംഭവമായും ജയപാലിന്റെ പരാമർശം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെയും തിരഞ്ഞെടുപ്പ് പ്രക്രിയയെയും പ്രതിരോധിച്ചു കൊണ്ടാണ് ഇന്ത്യൻ അംബാസഡർ രംഗത്തെത്തിയത്.