...
Home News National 150 വര്‍ഷം പഴക്കമുള്ള ട്രാമുകൾ കൊല്‍ക്കത്തയില്‍ നിന്നും വിടപറയുമ്പോൾ

150 വര്‍ഷം പഴക്കമുള്ള ട്രാമുകൾ കൊല്‍ക്കത്തയില്‍ നിന്നും വിടപറയുമ്പോൾ

1873 ഫെബ്രുവരി 24 ന് ബ്രിട്ടീഷുകാരാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ അവതരിപ്പിച്ചത്. പട്ന, ചെന്നൈ, നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ ഓടിത്തുടങ്ങിയെങ്കിലും ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി.

294

പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ 150 വര്‍ഷം പഴക്കമുള്ള ട്രാം സംവിധാനം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കാൻ ഒരുങ്ങുന്നു . ട്രാമുകള്‍ നഗരത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായിരുന്നു. എസ്പ്ലനേഡില്‍ നിന്ന് മൈതാനത്തേക്ക് ഒഴികെയുള്ള എല്ലാ റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. യാത്രക്കാര്‍ക്ക് വേഗതയേറിയ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും ട്രാമുകളുടെ വേഗത കുറവായതിനാല്‍ പലപ്പോഴും റോഡുകളില്‍ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. ട്രാം സര്‍വീസുകള്‍ നിര്‍ത്താന്‍ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കയ്യേറ്റങ്ങള്‍ നീക്കി റോഡിന്റെ വീതി വര്‍ധിപ്പിക്കാമെന്നും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ഇപ്പോള്‍ നഗരത്തില്‍ ട്രാമുകളുടെ വേഗം 20-30 കിലോമീറ്റാണ്. ഇത് നഗരത്തിലെ ശരാശരി വാഹനങ്ങളുടെ വേഗമാണെന്നും നേതാക്കള്‍ പറയുന്നു.

ട്രാം സര്‍വീസുകള്‍ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തിലെ പല റൂട്ടുകളിലും ട്രാം സര്‍വീസുകള്‍ ഇതിനകം നിര്‍ത്തലാക്കിയിട്ടുണ്ട്.

1873 ഫെബ്രുവരി 24 ന് ബ്രിട്ടീഷുകാരാണ് കൊല്‍ക്കത്തയില്‍ ട്രാമുകള്‍ അവതരിപ്പിച്ചത്. പട്ന, ചെന്നൈ, നാസിക്, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ അവര്‍ ഓടിത്തുടങ്ങിയെങ്കിലും ഘട്ടംഘട്ടമായി അവ നിര്‍ത്തലാക്കി.കൊല്‍ക്കത്തയിലും ട്രാം വികസിച്ചു, 1882-ല്‍ സ്റ്റീം എഞ്ചിനുകള്‍ അവതരിപ്പിച്ചു, 1900-ല്‍ ആദ്യത്തെ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാം ആരംഭിച്ചു.

നഗരത്തില്‍ ഇലക്ട്രിക് ട്രാമുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി ഏകദേശം 113 വര്‍ഷങ്ങള്‍ക്ക് ശേഷം, 2013-ല്‍ എസി ട്രാമുകള്‍ അവതരിപ്പിച്ചു.2023-ല്‍, കൊല്‍ക്കത്തയിലെ ഐക്കണിക് ട്രാമുകള്‍ 150 വര്‍ഷത്തെ സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍, നഗരത്തിലുടനീളം ആഘോഷങ്ങള്‍ നടന്നു, ഗതാഗത മന്ത്രി ചക്രവര്‍ത്തിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. അന്ന് ട്രാം നഗരത്തിന്റെ അഭിമാനമാണെന്ന് ചക്രവര്‍ത്തി പറഞ്ഞിരുന്നു.ഒരു ദേശത്തിന്റെ ചരിത്രവും അടയാളപ്പെടുത്തിയ ട്രാമുകൾ നിരത്തുകളോട് വിട് പറയുകയാണ്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.