...
Home News National കര്‍ണാടക നിയമ സഭയില്‍ നിന്ന് 18 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്‌തു

കര്‍ണാടക നിയമ സഭയില്‍ നിന്ന് 18 ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്‌തു

രാവിലെ സഭ തുടങ്ങിയത് മുതല്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്

213

കര്‍ണാടക നിയമസഭയില്‍ നിന്ന് 18 ബിജെപി എംഎല്‍എമാരെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. നിയമസഭയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് നടപടി. നിയമസഭാ നടപടികള്‍ തടസപ്പെടുത്തുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്‌തതിനാണ് നടപടി.

പ്രതിപക്ഷത്തിൻ്റെ ചീഫ് വിപ്പ് ദൊഡ്ഡനോഗൗഡ എച്ച്. പട്ടീല്‍, അശ്വത് നാരായണ്‍ സിഎന്‍, എസ്ആര്‍ വിശ്വനാഥ്, ബിഎ ബസവരാജ്, എംആര്‍ പട്ടീല്‍ എന്നിവരെ ഉള്‍പ്പടെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.

വെള്ളിയാഴ്‌ച രാവിലെ സഭ തുടങ്ങിയത് മുതല്‍ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ബിജെപിയുടെയും ജെഡിഎസിൻ്റെയും എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കെഎന്‍ രാജണ്ണ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയായിരുന്നു തുടക്കത്തില്‍ ഇവരുടെ ആയുധം. 48 എംഎല്‍എമാരെ ഹണി ട്രാപ്പില്‍ പെടുത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല എന്ന് ചോദിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.

ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണം പ്രഖ്യാപിക്കാമെന്ന് സിദ്ധരാമയ്യ മറുപടിയും നല്‍കി. എന്നാല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയായിരുന്നു. സിഡികള്‍ ഉയര്‍ത്തിക്കാട്ടിയടക്കം വെല്ലുവിളിയും നടത്തി. സ്‌പീക്കര്‍ക്ക് നേരെ കടലാസുകള്‍ കീറി എറിഞ്ഞു. ഭരണകക്ഷി എംല്‍എമാരെ ഹണിട്രാപ്പില്‍ കരുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രി പദം സ്വപ്‌നം കാണുന്ന ഒരാളാണെന്നും ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു.

ഈ ബഹളത്തിനിടയില്‍ പൊതുമരാമത്ത് വകുപ്പിൻ്റെ അടക്കം സര്‍ക്കാരിൻ്റെ നിര്‍മാണ കരാറുകളില്‍ ന്യൂനപക്ഷ സംവരണം അനുവദിച്ചു കൊണ്ടുള്ള ബില്ല് സഭ പാസാക്കി. ഇതുമായി ബന്ധപ്പെട്ടും ബഹളമുണ്ടായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.