വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ടെലികോം സേവനദാതാക്കളെ കർശന നിർദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയതായി ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2.26 ലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ ബ്ലോക്ക് ചെയ്യാനും തീരുമാനമായിട്ടുണ്ട്. സിം കാര്‍ഡ് എടുക്കുന്നതിനുള്ള കെവൈസി നടപടികള്‍ ശക്തമാക്കുന്നതിന് മന്ത്രാലയം കടുത്ത മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാജ രേഖകള്‍ നല്‍കി സിം കണക്ഷന്‍ നേടിയവരും സൈബര്‍ ക്രൈം, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിച്ച കണക്ഷനുകളും അതിന്റെ ഭാഗമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകള്‍ തടയുന്നതിന് ടെലികോം മന്ത്രാലയം മെയ് മാസത്തില്‍ ടെലികോം സേവനദാതാക്കളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തില്‍ 35% സ്‌പൂഫ്‌ഡ് കോളുകള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 2023 ഡിസംബര്‍ 31ന് മുമ്പ് എല്ലാ രാജ്യാന്തര സ്‌പൂഫ്‌ഡ് കോളുകളെയും നിയന്ത്രിക്കാനാകുമെന്ന് ടെലികോം മന്ത്രാലയം പ്രതീക്ഷിക്കുന്നു.
2023 ജനുവരിയില്‍ മുതല്‍ ഒരു ലക്ഷത്തോളം സൈബര്‍ തട്ടിപ്പ് പരാതികള്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്പാം കോളുകളും മെസേജുകളും തടയുന്നതിന് എല്ലാ ടെലികോം സേവനദാതാക്കളും എ.ഐ. ടൂളുകള്‍ ഉപയോഗിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.



