മുംബൈയിൽ മാട്രിമോണി വെബ്‌സൈറ്റ് തട്ടിപ്പിലൂടെ ഏഴംഗ സംഘം തട്ടിയത് 200 കോടി. മുംബൈക്ക് അടുത്തുള്ള മീര റോഡിലാണ് നഗരത്തെ ഞെട്ടിച്ച സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയത്. കൃത്യമായ ആസൂത്രണത്തിലൂടെ നടന്ന തട്ടിപ്പിൽ അമ്പതോളം പേർ ഇരകളായെന്നാണ് പ്രാഥമിക വിവരം. കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പ്രതികളെ അറസ്റ്റ് ചെയ്‌തു.
സംഘത്തിലെ സ്ത്രീകളെ ഉപയോഗിച്ചാണ് കൂടുതലും തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലെ വനിതാ അംഗങ്ങൾ മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്‌ടിച്ചാണ് കെണിയൊരുക്കിയത്. വിവാഹ വാഗ്ദാനം നൽകി ഇരകളെ സ്വാധീനിക്കുകയും കാലക്രമേണ, അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്‌തിട്ടായിരുന്നു തട്ടിപ്പ്.
ഇരകളുടെ വിശ്വാസം നേടിക്കഴിഞ്ഞാൽ, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്‌ത് തട്ടിപ്പുകാർ മുന്നോട്ട് വക്കുന്ന പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്താൻ ഇവരെ പ്രേരിപ്പിക്കും. ഇതിനായി, പ്രൊഫഷണലായി തോന്നിക്കുന്ന വെബ്‌സൈറ്റുകൾ സൃഷ്ടിക്കുകയും വ്യാജ കമ്പനികളുടെ പേരിൽ വ്യാജ രേഖകൾ നിർമ്മിക്കുകയും ചെയ്‌തതായി പൊലീസ് കണ്ടെത്തി.
വിശ്വാസം നേടാനായി, ആദ്യം ചെറിയ ലാഭം ഇരകൾക്ക് തിരികെ നൽകുകയും ചെയ്‌തിരുന്നു. തുടർന്ന്, പ്രലോഭിപ്പിച്ച് വൻതുകകൾ നിക്ഷേപിപ്പിക്കുകയാണ് ചെയ്‌തിരുന്നത്. ഇരകളിൽ പലരുടെയും മുഴുവൻ സമ്പാദ്യങ്ങളടക്കം ഇങ്ങനെ തട്ടിയതായി പൊലീസ് പറയുന്നു.
ഇത്തരത്തിലാണ്, തട്ടിപ്പിന്‍റെ വലുപ്പം 200 കോടിയിലധികം കടന്നത്. അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടാതെ റാക്കറ്റുമായി ബന്ധമുള്ള കൂടുതൽ വ്യക്തികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുക ആണെന്ന് അന്വേഷണസംഘം അറിയിച്ചു.



