ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തി 2027 -ലെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. 2027 ഒക്ടോബർ 4 മുതൽ നവംബർ 21 വരെയാണ് ചരിത്രപ്രസിദ്ധമായ ഈ മേജർ ടൂർണമെന്റ് നടക്കുന്നത്. ഏകദേശം 24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കൻ മണ്ണിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
2003ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിച്ചെങ്കിൽ, ഇത്തവണ ദക്ഷിണാഫർക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ടൂർണമെന്റിന് വേദിയാകുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ടൂർണമെന്റിനായി 12 മനോഹരമായ ചരിത്ര മൈതാനങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ആഫ്രിക്കൻ മണ്ണിലെ മത്സര വേദികൾ
ദക്ഷിണാഫ്രിക്ക: കേപ് ടൗണിലെ ന്യൂലാൻഡ്‌സ് സ്റ്റേഡിയം, ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം, സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്ക്, ഗബരാഖയിലെ സെന്റ് ജോർജ്ജ് പാർക്ക്, ബ്ലൂംഫോണ്ടെയ്‌നിലെ മംഗാങ് ഓവൽ, പാളിലെ ബോളണ്ട് പാർക്ക്, ഈസ്റ്റ് ലണ്ടനിലെ ബഫല്ലോ പാർക്ക് തുടങ്ങിയവയാണ് പ്രധാന വേദികൾ.
സിംബാബ്‌വെ & നമീബിയ: ബുലവായോ, ഹരാരെ എന്നീ നഗരങ്ങൾക്കൊപ്പം വിക്ടോറിയ വെള്ളച്ചാട്ടത്തിലെ മോസി-എ ട്യൂണ ഇൻ്റെർനാഷണൽ സ്റ്റേഡിയവും നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടും ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ഈ 12 സ്റ്റേഡിയങ്ങളിൽ 8 എണ്ണത്തിൽ വിരാട് കോഹ്‌ലി ഇതിനകം കളിച്ചിട്ടുണ്ടെങ്കിലും, 4 വേദികൾ അദ്ദേഹത്തിന് പുതിയ അനുഭവമായിരിക്കും.
ആഫ്രിക്കൻ പിച്ചുകളിൽ കോഹ്‌ലിയുടെ റെക്കോർഡ്
വേഗതയേറിയതും ബൗൺസിയുമായ ദക്ഷിണാഫ്രിക്കൻ പിച്ചുകൾ എക്കാലത്തും ഇന്ത്യൻ ബാറ്റ്‌സ്മാൻമാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് അവിശ്വസനീയമാണ്.
ഇതുവരെ 25 ഇന്നിംഗ്‌സുകൾ കളിച്ചിട്ടുള്ള കോഹ്‌ലി 71.47 എന്ന മികച്ച ശരാശരിയിൽ 1358 റൺസ് നേടിയിട്ടുണ്ട്.
ഇതിൽ 4 സെഞ്ച്വറികളും 9 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടുന്നു.
ഈ മൈതാനങ്ങളിൽ 5 തവണ അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
പ്രധാന വേദികളിലെ ഉയർന്ന സ്കോറുകൾ
കേപ് ടൗൺ (ന്യൂലാൻഡ്‌സ്): 160* (നൊട്ടൗട്ട്), സെഞ്ചൂറിയൻ: 129* (നൊട്ടൗട്ട്), ഡർബൻ: 112 റൺസ്, ഗബരാഖ: 87* (നൊട്ടൗട്ട്), ജോഹന്നാസ്ബർഗ്: 75 റൺസ്, ഹരാരെ: 115 റൺസ്.
എന്നാൽ ബഫല്ലോ പാർക്ക്, ബ്ലൂംഫോണ്ടെയ്ൻ, വിക്ടോറിയ ഫാൾസ്, നമീബിയ എന്നീ വേദികളിൽ കോഹ്‌ലി ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.
ടീം ഇന്ത്യയുടെ വെല്ലുവിളിയും പ്രതീക്ഷയും
2027 ലോകകപ്പ് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയൊരു പരീക്ഷണ വേദിയായിരിക്കും. ഫാസ്റ്റ് ബൗളർമാരെ തുണക്കുന്ന ആഫ്രിക്കൻ സാഹചര്യങ്ങളിൽ വിരാട് കോഹ്‌ലിയുടെ അനുഭവ സമ്പത്തും മികച്ച ട്രാക്ക് റെക്കോർഡും ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാകും. പുതിയ വേദികളിൽ കൂടി കോഹ്‌ലി തൻ്റെ മികവ് ആവർത്തിക്കുമെന്നും ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.



