...
Home News International ലോകത്തെ മാറ്റിമറിച്ച ആ ദുരന്തത്തിന് 25 വർഷം: ഇരട്ടഗോപുര ആക്രമണവും നാലര ലക്ഷം കോടി ഡോളറിന്റെ...

ലോകത്തെ മാറ്റിമറിച്ച ആ ദുരന്തത്തിന് 25 വർഷം: ഇരട്ടഗോപുര ആക്രമണവും നാലര ലക്ഷം കോടി ഡോളറിന്റെ അമേരിക്കൻ ‘തിരിച്ചടിയും’

9/11 ഭീകരാക്രമണത്തിനു ശേഷം "വാർ ഓൺ ടെറർ" അഥവാ ഭീകരതയ്ക്കെതിരെയുള്ള യുദ്ധം എന്ന പേരിൽ അമേരിക്ക ചെലവാക്കിയത് നാലര ലക്ഷം കോടി ഡോളറോളമാണ്. ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്കയും സഖ്യകക്ഷികളും അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.

3

ലോകം ഞെട്ടിത്തരിച്ച സെപ്റ്റംബർ 11 ഭീകരാക്രമണം നടന്നിട്ട് 25 വർഷം തികയുന്നു. ആധുനിക ലോകക്രമത്തെ ‘9/11 മുൻപും പിൻപും’ എന്നാണ് വിളിച്ചുവരുന്നത്. 2001 സെപ്റ്റംബർ 11-നാണ് 19 അൽഖായിദ ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി ന്യൂയോർക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കിയത്. പതിവ് പ്രഭാത തിരക്കുകളിൽ മുഴുകിയ ന്യൂയോർക്ക് നഗരത്തിൽ നടന്ന ഈ നടുക്കുന്ന സംഭവം ലോകത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിച്ചു.

നാല് വാണിജ്യവിമാനങ്ങളാണ് ഭീകരപ്രവർത്തകരാൽ ഹൈജാക്ക് ചെയ്യപ്പെട്ടത്. അതിലാദ്യത്തേത് രാവിലെ 8.46-ന് വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലും, 9.03-ന് തെക്കൻ ടവറിൽ രണ്ടാമത്തെ വിമാനവും ഇടിച്ചുകയറി. തുടർന്ന് 9.37-ന് തന്ത്രപ്രധാനമായ പെന്റഗണിനെ ഉന്നംവെച്ച് മൂന്നാമത്തെ വിമാനവും, 10.03-ഓടെ നാലാമത്തെ വിമാനം പെൻസിൽവാനിയക്കടുത്ത് പാടത്തും തകർന്നു വീണു. സമയം 10.30 ആയപ്പോഴേക്കും അമേരിക്കയുടെ അഭിമാനസ്തംഭമായ ഇരട്ടഗോപുരങ്ങൾ ചീട്ടുകൊട്ടാരം കണക്കെ തകർന്നു വീഴുകയായിരുന്നു.

ഈ ഭീകരാക്രമണത്തിൽ 2,996 പേർ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനങ്ങളിൽ കയറിക്കൂടിയ 19 ഭീകരർ യാത്രയ്ക്കിടയിൽ വിമാനങ്ങൾ റാഞ്ചി അവയെ അമേരിക്കയെ ആക്രമിക്കാനുള്ള മിസൈലുകളായി ഉപയോഗിക്കുകയായിരുന്നു. വിദേശികളുടെ ആക്രമണത്തിന് അമേരിക്ക ഇരയാകുന്നത് ഇതാദ്യമായിരുന്നില്ലെങ്കിലും, 1941-ൽ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ വ്യോമാക്രമണം യുഎസ് വൻകരയ്ക്ക് പുറത്തുള്ള ഹവായ് ദ്വീപിലായിരുന്നു. എന്നാൽ 9/11 ആക്രമണം യുഎസ് വൻകരയ്ക്ക് അകത്തുതന്നെയാണ് നടന്നത്.

9/11 ഭീകരാക്രമണത്തിനു ശേഷം “വാർ ഓൺ ടെറർ” അഥവാ ഭീകരതയ്ക്കെതിരെയുള്ള യുദ്ധം എന്ന പേരിൽ അമേരിക്ക ചെലവാക്കിയത് നാലര ലക്ഷം കോടി ഡോളറോളമാണ്. ലോകരാജ്യങ്ങളുടെ സമ്മതത്തോടെയും സഹായത്തോടെയും അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്കയും സഖ്യകക്ഷികളും അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു. ഈ യുദ്ധത്തിൽ 20 ലക്ഷത്തോളം നിരപരാധികളായ ആളുകളുടെ ജീവൻ പൊലിയുകയും അവരുടെ രാജ്യങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. അഫ്ഗാനിസ്താൻ, ഇറാഖ്, യമൻ, സോമാലിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലായി 10 ലക്ഷത്തോളം മനുഷ്യരെ നേരിട്ട് കൊലപ്പെടുത്തിയ ഈ ഭീകരതാവിരുദ്ധ യുദ്ധത്തിന് മാത്രമായി ആകെ എട്ടു ലക്ഷം കോടി ഡോളർ ചെലവായെന്നാണ് കണക്കാക്കുന്നത്.

ഈ ആക്രമണത്തോടെ ഇസ്ലാമോഫോബിയ ലോകത്താകെ ഉടലെടുക്കുകയും പല രാജ്യങ്ങളിലും ഇതൊരു രാഷ്ട്രീയ വിൽപ്പനച്ചരക്കായി മാറുകയും ചെയ്തു. ഇതിന്റെ ഫലമായി നിരപരാധികളായ സാധാരണ മുസ്ലീം ജനവിഭാഗം തീവ്രവാദികളായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി.

9/11 ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സൗദി പൗരന്മാരാണെന്ന വസ്തുത പിന്നീട് വെളിപ്പെടുകയുണ്ടായി. ദുരന്തത്തിന്റെ തൊട്ടുപിന്നാലെ സൗദി രാജകുടുംബങ്ങളിൽ നിന്നും ബിൻ ലാദൻ കുടുംബത്തിൽ നിന്നും അമേരിക്കയിൽ താമസമാക്കിയവരെ വേഗത്തിൽ കുടിയൊഴിപ്പിക്കാൻ ബുഷ് ഭരണകൂടം സൗകര്യമൊരുക്കി നൽകി. തുടർന്ന് ഭീകരാക്രമണത്തിന്റെ പേരിൽ അബുഗ്രെയ്ബ്, ഗ്വണ്ടാനമോ തടവറകളിൽ വിചാരണത്തടവുകാർക്ക് നേരെ സമാനതകളില്ലാത്ത ക്രൂര പീഡനങ്ങളാണ് നേരിടേണ്ടി വന്നത്.

“ഒന്നെങ്കിൽ ഞങ്ങളോടൊപ്പം അല്ലെങ്കിൽ ഭീകരർക്കൊപ്പം” എന്ന നിലപാടെടുക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായി. പ്രത്യയശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്ത്യം കുറിക്കലിന്റെയും, ഭാവിചരിത്രത്തെ നയിക്കുന്നത് ‘സംസ്കാരങ്ങളുടെ ഏറ്റുമുട്ടൽ’ ആണെന്ന പ്രഖ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇസ്ലാമിനെ മുഖ്യ ശത്രുവായി പ്രതിഷ്ഠിക്കുന്ന ഗ്ലോബൽ വാർ ഓൺ ടെററും ഇസ്ലാമോഫോബിയയും അമേരിക്ക ആവിഷ്കരിച്ചത്.

ആക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെന്ററിന് പകരം അവിടെ പുതിയ കെട്ടിട സമുച്ചയങ്ങൾ ഉയർന്നുകഴിഞ്ഞു, അതിലൊന്ന് അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. പഴയ ഇരട്ട ടവറുകളുടെ സ്ഥാനത്ത് രണ്ട് കുളങ്ങൾ ഉൾപ്പെടുന്ന ‘സെപ്റ്റംബർ 11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ മൻഹട്ടനിൽ സ്ഥിതി ചെയ്യുന്നു. ആറ് ഗോപുരങ്ങൾ, സ്മാരകം, മ്യൂസിയം, മാൾ, ഗതാഗത കേന്ദ്രം, പാർക്ക്, പള്ളി, കലാകായിക കേന്ദ്രം, പാർപ്പിട സമുച്ചയം എന്നിവയാണ് പുതിയ ലോക വ്യാപാര കേന്ദ്രത്തിലുള്ളത്. ആദ്യ ഗോപുരം 2014 നവംബർ 3-ന് തുറന്നുവെങ്കിലും ചില സമുച്ചയങ്ങളുടെ നിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.