...
Home News Kerala ഒമ്പത് വയസുള്ള കുട്ടിയുടെ മൃതശരീരമാണ് ആദ്യം കിട്ടിയത്; വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് ചാലിയാറിലൂടെ 25ലധികം കിലോമീറ്റർ...

ഒമ്പത് വയസുള്ള കുട്ടിയുടെ മൃതശരീരമാണ് ആദ്യം കിട്ടിയത്; വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് ചാലിയാറിലൂടെ 25ലധികം കിലോമീറ്റർ ഒഴുകി മലപ്പുറത്ത് എത്തിയത് 26 മൃതദേഹങ്ങൾ

മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിവരുന്ന നടുക്കുന്ന വാർത്ത പരന്നതോടെ രക്ഷപ്രവർത്തകരും പോത്തുകല്ലിലേക്ക് പാഞ്ഞെത്തി

223

വയനാട് / മലപ്പുറം: മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹഭാഗങ്ങൾ ചാലിയാർ പുഴയിലൂടെ ഒഴുകിവന്നത് മലപ്പുറം നിലമ്പൂർ ഭാഗത്തേക്ക്. 25 കിലോ മീറ്ററിൽ അധികം അകലെ നിലമ്പൂരിനടുത്ത് പോത്തുകല്ലിലെ ചാലിയാർ പുഴയുടെ ഭാഗത്തുനിന്ന് 26 പേരുടെ മൃതദേഹ ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പലരുടെയും ശരീര ഭാഗങ്ങൾ മാത്രമായിരുന്നു.

ജലനിരപ്പ് ക്രമാതീതമായി ചാലിയാറിൽ ഉയരുന്നതിനാൽ പോത്തുകല്ല് ഭാ​ഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികൾക്ക് തിങ്കളാഴ്‌ച ജാ​ഗ്രതാനിർദേശം ഉണ്ടായിരുന്നു. ഇതേതുടർന്ന് രാത്രി ഉറങ്ങാതെ പുഴയിൽ നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്ന കോളനി നിവാസികൾക്കാണ് വയനാട്ടിലെ ഉരുൾപൊട്ടലിനെ കുറിച്ച് ആദ്യം സൂചന കിട്ടിയത്. ചൊവ്വാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ​ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചു വരുന്നതാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർ കൂടുതൽ നാട്ടുകാരെ വിവരമറിയിച്ചു.

പുഴയോരത്ത് പുലർച്ചെ മുതൽ നാട്ടുകാർ തിരച്ചിൽ തുടങ്ങി. അങ്ങനെയാണ് തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുനിപ്പാല ഭാ​ഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പുഴയിലൂടെ ഒഴുകി എത്തിയ മൃതദേഹം രക്ഷാപ്രവർത്തകർ പിടിക്കുകയായിരുന്നു.

ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, മുണ്ടേരി കമ്പിപാലം കടവുകളിൽ അങ്ങിങ്ങായാണ് മൃതദേഹ ഭാഗങ്ങള്‍ ഒഴുകിയെത്തിയത്. രാവിലെ ഏഴരയോടെ പിഞ്ചോമനയുടെ മൃതദേഹമാണ് കുനിപ്പാല കടവിൽ നിന്നും ആദ‍്യം കിട്ടിയത്. കുത്തൊഴുക്കിൽ അടിഞ്ഞ മരകമ്പുകൾക്കിടയിൽ മൃതശരീരം തങ്ങി നിൽക്കുകയായിരുന്നു.

മൃതദേഹങ്ങൾ ചാലിയാറിലൂടെ ഒഴുകിവരുന്ന നടുക്കുന്ന വാർത്ത പരന്നതോടെ രക്ഷപ്രവർത്തകരും പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും പോത്തുകല്ലിലേക്ക് പാഞ്ഞെത്തി. പിന്നീടുള്ള തിരച്ചിലിലാണ് കൂടുതൽ മൃതശരീരങ്ങൾ ഒറ്റക്കും കൂട്ടമായും മറ്റു കടവുകളിൽ നിന്നുമാണ് ലഭിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയുമടക്കം 26 മൃതദേഹങ്ങളാണ് ചൊവാഴ്‌ച വൈകിട്ടോടെ ചാലിയാറിൽ നിന്നും കണ്ടെടുത്തത്. ഇതിൽ 16 പേരെ നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് പേരുടെ മൃതദേഹം വാണിയമ്പുഴ, ഇരുട്ടുകുത്തി നഗറുകൾക്ക് സമീപം ഇൻക്വസ്റ്റ് നടപടിയിലാണ്. എട്ടോളം ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്.

നീലഗിരി ഇളമ്പലേരി മലനിരകളിലെ 900 മീറ്ററോളം ഉയരത്തിൽ നിന്നാണ് ചാലിയാർ ഉത്ഭവിക്കുന്നത്. കൈവരികളിൽ ഭൂരിഭാഗവും ഉത്ഭവിക്കുന്നത് കിഴക്ക് നീലഗിരി കുന്നുകളിലും വടക്ക് വയനാട് മലനിരകളിലുമാണ്.

മുണ്ടക്കൈ അപ്പാടെ തുടച്ചുനീക്കിയാണ് ചുളിക്കപുഴയിലൂടെ മലവെള്ളപാച്ചിൽ ഉണ്ടായത്. സൂചിപ്പാറ വെള്ളച്ചാട്ടവും താണ്ടി കബ്ലപാറ വരെ കല്ലും പാറകളും നിറഞ്ഞ 30 മുതൽ 50 വരെ ഡിഗ്രി ചരിവുള്ള വനാന്തർ ഭാഗങ്ങളിലൂടെയാണ് കുതിച്ചെത്തുന്നത്.

കിഴക്ക് ഒഴുകിയാണ് കബ്ലപാറയിലെത്തുന്നത്. വാണിയപുഴയായി ഇവിടെ നിന്നും തെക്കോട്ട് ഒഴുകി പോത്തുകല്ല് ഇരുട്ടുകുത്തിയിൽ എത്തും. ഒന്നര മണിക്കൂറിനുള്ളിൽ മുണ്ടക്കൈയിൽ നിന്നും മുണ്ടേരിയിലെത്തും. പോത്തുകല്ലിൽ എത്തുമ്പോൾ ഒഴുക്കിന്‍റെ ശക്തി കുറഞ്ഞ് പരന്നൊഴുകുന്നു. ഒഴുക്ക് കുറഞ്ഞതു കൊണ്ടാവാം ജീവനറ്റ ദേഹങ്ങൾ പോത്തുകല്ലിലെ കടവുകളിൽ അടിഞ്ഞതെന്നാണ് നിഗമനം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.