...
Home News Kerala ഉരുള്‍പൊട്ടലില്‍ 282 മരണം; കാണാതായവർ 300ലധികം, ചികിത്സയിൽ 195 പേർ, മുഖ്യമന്ത്രി വയനാട്ടിലേക്ക്

ഉരുള്‍പൊട്ടലില്‍ 282 മരണം; കാണാതായവർ 300ലധികം, ചികിത്സയിൽ 195 പേർ, മുഖ്യമന്ത്രി വയനാട്ടിലേക്ക്

മുണ്ടക്കൈ പുഴയില്‍ ഭീകരമായ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചു

221

വയനാട്: ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്‌തു. 195 പേർ ചികിത്സയിലാണ്. മുന്നൂറിലധികം പേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ബുധനാഴ്‌ച ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. മുണ്ടക്കൈ പുഴയില്‍ ഭീകരമായ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

സൈന്യം ചൊവാഴ്‌ച തയാറാക്കിയ നടപ്പാലം വെള്ളത്തിൽ മുങ്ങി. നിര്‍ത്തിവച്ച ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം വീണ്ടും തുടങ്ങിയിട്ടുണ്ട്. കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ ഉടൻ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

മുഖ്യമന്ത്രി വയനാട്ടിലേക്ക്

ദുരന്തഭൂമിയായി മാറിയ വയനാട് സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തു നിന്ന് തിരിച്ചു. രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി വ്യാഴാഴ്‌ച രാവിലെ വയനാട്ടിലെത്തും. ദുരന്തബാധിതർ കഴിയുന്ന ക്യാമ്പുകളിലും ആശുപത്രിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ നേരിൽ കാണും.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ ബുധനാഴ്‌ച രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗവും ചേര്‍ന്ന ശേഷമാണ് മുഖ്യമന്ത്രി വയനാട്ടിലേക്ക് തിരിച്ചത്. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ നിലവില്‍ മന്ത്രിമാരുടെ സംഘം വയനാട്ടിലുണ്ട്. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.രാജന്‍, മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു, വീണാ ജോര്‍ജ് എന്നിവരാണുള്ളത്.

ഇതിനിടെ, ഉരുള്‍പൊട്ടലിനെ കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്‌തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നൽകി. ദുരന്തത്തിന് മുമ്പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്‍കിയ അലര്‍ട്ടില്‍ പോലും ഓറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായ ശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.