നീറ്റ്- യുജി പരീക്ഷാ വിവാദത്തെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻടിഎ) വ്യാപക പുനഃസംഘടന. നടപടികളുടെ ഭാഗമായി വീഴ്ച വരുത്തിയതായി കണ്ടെത്തിയ 47 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി. ഇവരിൽ ചിലർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ഏജൻസിയെ സമഗ്രമായി പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികളാണ് എൻടിഎ ഇപ്പോൾ നടപ്പാക്കുന്നത്. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സുതാര്യതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
ഇതിന്റെ ഭാഗമായി, മുൻകാലങ്ങളിൽ ഉണ്ടായിരുന്നതുപോലെ ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ ബാഹ്യ ഇടപെടൽ ഒഴിവാക്കി, പൂർണമായും ഇന്ത്യയ്ക്കുള്ളിൽ തന്നെ ചോദ്യപേപ്പർ തയ്യാറാക്കുന്ന പുതിയ സംവിധാനവും ഏർപ്പെടുത്താൻ എൻടിഎ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാ നടത്തിപ്പിൽ കൂടുതൽ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്ന നടപടികളും ഇതോടൊപ്പം നടപ്പിലാക്കും.


