...
Home Business ഉത്തര കൊറിയൻ ഹാക്കർമാരെന്ന് എഫ്ബിഐ; ബിനാൻസിൽ 6.3 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കവർച്ച

ഉത്തര കൊറിയൻ ഹാക്കർമാരെന്ന് എഫ്ബിഐ; ബിനാൻസിൽ 6.3 ബില്യൺ ഡോളറിന്റെ ക്രിപ്റ്റോ കവർച്ച

ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ നൽകുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്

38

ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിൽ നിന്ന് 6.3 ബില്യൺ ഡോളറിന്റെ ഡിജിറ്റൽ ആസ്തികൾ കവർന്ന സൈബർ ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയൻ ഹാക്കർമാരാണെന്ന് യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). ‘ട്രേഡർ ട്രെയിറ്റർ’ (TraderTraitor) എന്നറിയപ്പെടുന്ന ഹാക്കർ സംഘത്തിന്റെ പ്രവർത്തനങ്ങളുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്ബിഐ വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈബിറ്റിൽ (Bybit) നിന്ന് 1.5 ബില്യൺ ഡോളർ കവർന്ന സൈബർ ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

മോഷ്ടിക്കപ്പെട്ട ക്രിപ്റ്റോ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകൾ തടയാൻ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ, ബ്ലോക്ക്ചെയിൻ ഇടപാടുകൾ നിരീക്ഷിക്കുന്ന സ്ഥാപനങ്ങൾ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്ക് എഫ്ബിഐ നിർദേശം നൽകിയിട്ടുണ്ട്. മോഷ്ടിച്ച പണത്തിന്റെ ഉറവിടം മറച്ചുവെച്ച് അത് വെളുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം.

മോഷ്ടിക്കപ്പെട്ട ഡിജിറ്റൽ ആസ്തികൾ പ്രധാനമായും ‘ഇഥീരിയം’ (Ethereum) ക്രിപ്റ്റോകറൻസിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. തുടർന്ന് വികേന്ദ്രീകൃത ധനകാര്യ സേവനങ്ങളായ ഡിഫൈ (DeFi), തൽക്ഷണ ക്രിപ്റ്റോകറൻസി കൈമാറ്റ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ആസ്തികൾ മറ്റ് ക്രിപ്റ്റോകറൻസി രൂപങ്ങളിലേക്ക് മാറ്റാൻ ഹാക്കർമാർ ശ്രമിച്ചേക്കാമെന്നും എഫ്ബിഐ മുന്നറിയിപ്പ് നൽകി.

അതേസമയം, ആക്രമണത്തിന് പിന്നിൽ ഉത്തരകൊറിയയാണെന്ന കാര്യത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, സംഭവത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും ഉത്തരകൊറിയയുടെ പങ്ക് സംബന്ധിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അന്വേഷണത്തിൽ ഉത്തരകൊറിയയുടെ പങ്ക് സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല.

വ്യാഴാഴ്ചയാണ് ബിനാൻസിൽ നിന്ന് ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസികളുമായി 6.3 ബില്യൺ ഡോളറിന്റെ ആസ്തികൾ കവർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ഉത്തരകൊറിയൻ ഹാക്കർമാരുടെ മുൻകാല സൈബർ ആക്രമണങ്ങളുമായി ഈ സംഭവത്തിന് സാമ്യമുണ്ടെന്ന് നിരവധി ക്രിപ്റ്റോ വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, കവർച്ചയിലൂടെ നഷ്ടപ്പെട്ട ആസ്തികളുടെ ഏകദേശം 90 ശതമാനത്തോളം നികത്താൻ ആവശ്യമായ തുക തങ്ങളുടെ കൈവശം നീക്കിവെച്ചിട്ടുണ്ടെന്ന് ബിനാൻസ് അറിയിച്ചു. ഉപഭോക്താക്കൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരികെ നൽകുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.