ഇന്ത്യയിൽ 15 നും 29 നും ഇടയിൽ പ്രായമുള്ള ഏകദേശം 8.7 കോടി യുവാക്കൾ പഠനമോ ജോലിയോ പ്രത്യേക പരിശീലനങ്ങളോ ലഭിക്കാതെ പുറത്തുനിൽക്കുന്നുവെന്ന് നീതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. എൻ.എസ്.എസ്.ഒ (NSSO) സർവേ വിവരങ്ങൾ അപഗ്രഥിച്ച് തയ്യാറാക്കിയ ‘വിക്ഷിത് ഭാരത്@2047-നുള്ള വൈദഗ്ധ്യ പുനർനിർമ്മാനം’ എന്ന റിപ്പോർട്ടിലാണ് ആശങ്കാജനകമായ ഈ വിവരങ്ങൾ ഉള്ളത്.
ആഗോളതലത്തിൽ ‘നീറ്റ്’ (NEET – Not in Education, Employment, or Training) എന്ന് വിശേഷിപ്പിക്കുന്ന ഈ വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാൻ പ്രാദേശികവും വളർന്നുവരുന്നതുമായ മേഖലകൾക്ക് അനുയോജ്യമായ സബ്‌സിഡി അധിഷ്ഠിത പരിശീലന പദ്ധതികൾ ഉടനടി ആരംഭിക്കണമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ
- സാമ്പത്തിക ബുദ്ധിമുട്ടും തൊഴിലില്ലായ്മയും: താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് പണം നൽകി നൈപുണ്യ പരിശീലനങ്ങൾ നേടാൻ സാധിക്കുന്നില്ല. പലരും കുടുംബം പുലർത്താൻ ബിരുദത്തിനു ശേഷം കുറഞ്ഞ ശമ്പളമുള്ള ജോലിയിലേക്ക് മാറുകയോ, അല്ലെങ്കിൽ തൊഴിലവസരങ്ങൾ ലഭിക്കാതെ ‘നീറ്റ്’ വിഭാഗത്തിൽപ്പെടുകയോ ചെയ്യുന്നു.
- യോഗ്യതയ്‌ക്കൊത്ത ജോലിയുടെ കുറവ്: രാജ്യത്തെ ബിരുദധാരികളിൽ 8.25 ശതമാനം പേർക്ക് മാത്രമാണ് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലികൾ ലഭിക്കുന്നത്. പ്രായോഗിക പഠനത്തിന്റെയും ഇൻഡസ്ട്രി പരിശീലനങ്ങളുടെയും കുറവാണ് പ്രധാന പ്രതിസന്ധി.
- പരിഹാര നിർദ്ദേശങ്ങൾ: ‘പഠനത്തോടൊപ്പം വരുമാനം’ ഉറപ്പാക്കുന്ന പദ്ധതികൾ അവതരിപ്പിക്കുക, കരിയറിന്റെ മധ്യത്തിലുള്ളവർക്ക് പുനർനൈപുണ്യ (Reskilling) അവസരങ്ങൾ നൽകുക, സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രധാന ശുപാർശകൾ.
2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ രാജ്യത്തെ യുവജനതയുടെ നൈപുണ്യ വികസനം അത്യന്താപേക്ഷിതമാണെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. 2014-15 മുതൽ നിലവിൽ 7.67 കോടിയലധികം ആളുകൾക്ക് വിവിധ നൈപുണ്യ പരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു.


