...
Home News National ‘ലഡ്‌കി ബഹിൻ’ പദ്ധതിയിൽ നിന്ന് 81 ലക്ഷം സ്ത്രീകളെ നീക്കം ചെയ്‌തു

‘ലഡ്‌കി ബഹിൻ’ പദ്ധതിയിൽ നിന്ന് 81 ലക്ഷം സ്ത്രീകളെ നീക്കം ചെയ്‌തു

ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ നീക്കം ചെയ്‌തത് അർത്ഥമാക്കുന്നത് യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചു എന്നാണ്

3

മഹാരാഷ്ട്ര സർക്കാരിൻ്റെ ലഡ്‌കി ബഹിൻ യോജന പദ്ധതിയിൽ നിന്ന് ഏകദേശം 81 ലക്ഷം രജിസ്റ്റർ ചെയ്‌ത ഗുണഭോക്താക്കളെ നീക്കം ചെയ്‌തതായി മന്ത്രി അദിതി തത്കരെ തിങ്കളാഴ്‌ച പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഇത് നടപ്പിലാക്കുന്നതിൽ ക്രമക്കേടുകൾ ആരോപിച്ചിരുന്നു.

യോഗ്യതയില്ലാത്ത രജിസ്ട്രേഷനുകൾ, ആദായനികുതി അടക്കുന്നവർ, പദ്ധതിയിൽ ഉൾപ്പെടാത്ത സർക്കാർ ജീവനക്കാരുടെ കുടുംബങ്ങൾ എന്നിവരെ വ്യവസ്ഥാപിതമായി ഒഴിവാക്കുന്നതിന് ഇ- കെവൈസി പ്രക്രിയ നിർബന്ധമാണെന്ന് വനിതാ- ശിശു വികസന മന്ത്രി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

ഇ- കെവൈസി ഡ്രൈവിൻ്റെ വിശദാംശങ്ങൾ

“പദ്ധതി ആരംഭിച്ചപ്പോൾ, 2.63 കോടി ആളുകൾ അതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കാൻ രജിസ്റ്റർ ചെയ്‌തിരുന്നു. അവരിൽ 2.47 കോടി സ്ത്രീകൾ ഗുണഭോക്താക്കളായി മാറുകയും പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്‌തു. യോഗ്യതയില്ലാത്ത ഗുണഭോക്താക്കളെ ഫിൽട്ടർ ചെയ്യുന്നതിനായി വകുപ്പ് ഇ-കെവൈസി ആരംഭിച്ചതോടെ, എണ്ണം കൂടുതൽ ചുരുങ്ങാൻ തുടങ്ങി,” -അവർ പറഞ്ഞു.

2024 ജൂൺ 28ന് സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രി മാഝി ലഡ്‌കി ബഹിൻ യോജന സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. പദ്ധതി പ്രകാരം, 21നും 65നും ഇടയിൽ പ്രായമുള്ള യോഗ്യരായ സ്ത്രീകൾക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ വഴി പ്രതിമാസം 1,500 രൂപ ലഭിക്കും.

93 ലക്ഷം ഗുണഭോക്താക്കളെ ഒഴിവാക്കിയെന്ന മാധ്യമ റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, തത്കരെ പറഞ്ഞു, “ഇ- കെവൈസി ഡ്രൈവിന് ശേഷം, ഗുണഭോക്താക്കളുടെ എണ്ണം 1.67 മുതൽ 1.7 കോടി വരെയായി. പദ്ധതി ആരംഭിച്ച സമയത്ത് രജിസ്റ്റർ ചെയ്‌ത ആളുകളുടെ എണ്ണത്തിൽ നിന്ന് ഈ കണക്ക് കുറച്ചാൽ, നിങ്ങൾക്ക് 92 മുതൽ 93 ലക്ഷം വരെ ലഭിക്കും. എന്നാൽ വാസ്‌തവത്തിൽ, സംസ്ഥാനം 2.47 കോടി സ്ത്രീകൾക്ക് സ്റ്റൈപ്പൻഡ് വിതരണം ചെയ്‌തു. ബാക്കിയുള്ളവർ തുടക്കം മുതൽ തന്നെ അയോഗ്യരാണെന്ന് കണ്ടെത്തി.”

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുകയും ആനുകൂല്യങ്ങൾ നേടുകയും ചെയ്‌തു. ഏകദേശം 62 ലക്ഷം സ്ത്രീകൾ ആവർത്തിച്ച് കാലാവധി നീട്ടിയിട്ടും ഇ- കെവൈസി പ്രക്രിയ പൂർത്തിയാക്കിയില്ലെന്ന് അവർ പറഞ്ഞു. “ഏകദേശം 16 ലക്ഷം ഗുണഭോക്താക്കളുടെ വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാണെന്ന് കണ്ടെത്തി, അതേസമയം 4.42 ലക്ഷം പേരെ കുടുംബാംഗം സർക്കാർ ജീവനക്കാരനായതിനാൽ അയോഗ്യരായി പ്രഖ്യാപിച്ചു,” ചില പുരുഷന്മാരും സർക്കാർ ജീവനക്കാരും പോലും പദ്ധതിയിൽ രജിസ്റ്റർ ചെയ്‌ത്‌ ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

2025 ഓഗസ്റ്റിൽ ഇ- കെവൈസി പ്രക്രിയ ആരംഭിച്ചതായും ഗുണഭോക്താക്കൾക്ക് ഇത് പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം നൽകിയതായും പോരായ്‌മകൾ പരിഹരിക്കുന്നതിന് ഏപ്രിൽ വരെ സഹായം നീട്ടിയതായും തത്കരെ പറഞ്ഞു. ഇ- കെവൈസി പൂർത്തിയാക്കിയെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ത്രീകളുടെ പരാതികളും പരിശോധിച്ചു വരികയാണെന്ന് അവർ പറഞ്ഞു.

എട്ടുമുതൽ പത്തു മാസം മുമ്പ് സർക്കാർ ജീവനക്കാരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ തുടങ്ങിയിരുന്നുവെന്നും തിരിച്ചു പിടിച്ച തുക ട്രഷറിയിൽ നിക്ഷേപിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾ

അതേസമയം, 2024 -ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതി രാഷ്ട്രീയ പ്രേരണയായി ഉപയോഗിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ആക്രമണം ശക്തമാക്കി.

പദ്ധതി നടത്തിപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഹർഷവർദ്ധൻ സപ്‌കൽ ആരോപിച്ചു. “പദ്ധതിക്കായി സർക്കാർ 29,693 കോടി രൂപ അനുവദിച്ചു, എന്നാൽ അധിക ചെലവുകളുടെ രേഖയോ കണക്കോ സൂക്ഷിക്കാതെ അംഗീകൃത ബജറ്റിനേക്കാൾ 3,541 കോടി രൂപ കൂടുതൽ ചെലവഴിച്ചു. ഇത് ഒരു സർക്കാരാണോ അതോ കൊള്ളക്കാരുടെ സംഘമാണോ?” -അദ്ദേഹം ചോദിച്ചു.

2024-25ൽ വനിതാ ക്ഷേമ പദ്ധതികൾക്കുള്ള ചെലവ് 261.78 കോടിയിൽ നിന്ന് 33,554 കോടി രൂപയായി വർദ്ധിച്ചുവെന്നും ഭവന പദ്ധതികൾക്കുള്ള ചെലവ് 54 ശതമാനം കുറഞ്ഞുവെന്നും ജലവിതരണത്തിനും ശുചിത്വത്തിനുമുള്ള ചെലവ് 31.81 ശതമാനം കുറഞ്ഞുവെന്നും സപ്‌കൽ ആരോപിച്ചു.

കോൺഗ്രസ് എംപിയും മുംബൈ കോൺഗ്രസ് മേധാവിയുമായ വർഷ ഗെയ്ക്ക്‌വാദ്, തിരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകളെ “പ്രിയപ്പെട്ട സഹോദരിമാർ” ആയി പ്രഖ്യാപിച്ചെങ്കിലും അധികാരത്തിൽ വന്ന ശേഷം അവരെ അയോഗ്യരാക്കി എന്ന് ആരോപിച്ചു. “ഈ സ്ത്രീകൾ അയോഗ്യരായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർക്ക് ഇതുവരെ ആനുകൂല്യങ്ങൾ നൽകിയത്? അവർ യോഗ്യരായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇപ്പോൾ അവരെ പദ്ധതിയിൽ നിന്ന് നീക്കം ചെയ്‌തത്? വോട്ട് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങൾ അവഗണിക്കുകയും പിന്നീട് സാമ്പത്തിക സമ്മർദ്ദം കാരണം അവ നടപ്പിലാക്കുകയും ചെയ്തോ?” -അവർ ചോദിച്ചു.

സ്ത്രീകളുടെ വിശ്വാസവും വോട്ടും നേടുന്നതിനാണ് ഈ പദ്ധതി അവതരിപ്പിച്ചതെന്നും എന്നാൽ സർക്കാർ “92 ലക്ഷത്തിലധികം സ്ത്രീകൾക്ക് പുറത്തേക്കുള്ള വാതിൽ” കാണിച്ചു കൊടുത്തുവെന്നും എൻസിപി- എസ്.പി വക്താവ് രവികാന്ത് വാർപെ പറഞ്ഞു. “ഗുണഭോക്താക്കളുടെ എണ്ണം 2.4 കോടിയിൽ നിന്ന് കുറഞ്ഞു. ഏകദേശം 38 ശതമാനം സ്ത്രീകൾ ഇപ്പോൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഈ സ്ത്രീകൾ തിരഞ്ഞെടുപ്പിന് മുമ്പ് യോഗ്യരായിരുന്നുവെങ്കിലും പിന്നീട് പെട്ടെന്ന് അയോഗ്യരായിരുന്നോ? ഇതൊരു ക്ഷേമ പദ്ധതിയായിരുന്നോ അതോ വെറും തിരഞ്ഞെടുപ്പ് തന്ത്രമാണോ?” -അദ്ദേഹം ചോദിച്ചു.

എംഎൻഎസ് വക്താവ് അനിൽ ഷിദോർ ഈ സംഭവ വികാസത്തെ “അസ്വസ്ഥമാക്കുന്ന”താണെന്ന് വിശേഷിപ്പിച്ചു.

“ലക്ഷക്കണക്കിന് ഗുണഭോക്താക്കളെ നീക്കം ചെയ്‌തത് അർത്ഥമാക്കുന്നത് യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചു എന്നാണ്. ഇതിൽ 4.42 ലക്ഷം സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങളും 29,000 പുരുഷന്മാരും 8,000 സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നു. ആസൂത്രണം ചെയ്‌ത വിഹിതത്തേക്കാൾ 3,541 കോടി രൂപയുടെ അധിക ചെലവും സിഎജി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2024 ജൂണിൽ പദ്ധതി പ്രഖ്യാപിച്ചു, ഓഗസ്റ്റിൽ രണ്ട് ഗഡുക്കൾ നൽകി. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉടൻ വന്നു. അറിവുള്ള പൗരന്മാർക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാൻ എളുപ്പമാണ്,” -അദ്ദേഹം ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.