...
Home News Kerala പിണറായിയുടെ ചായ കുടിക്കുന്നവർ യുഡിഎഫിന് പുറത്ത്; മോദിയുടെ ‘താലി മീൽസ്’ കഴിച്ചാൽ സംരക്ഷണം

പിണറായിയുടെ ചായ കുടിക്കുന്നവർ യുഡിഎഫിന് പുറത്ത്; മോദിയുടെ ‘താലി മീൽസ്’ കഴിച്ചാൽ സംരക്ഷണം

പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആര് ഒഫീഷ്യൽ ആയി ക്ഷണിച്ചാലും പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ക്ഷണിക്കപ്പെടുന്നവർ ആരെന്നതിൽ ചോദ്യമുണ്ട്.

223

| ശ്രീകാന്ത് പികെ

നവകേരള സദസ്സ് ഓർമ്മയില്ലേ. സംസ്ഥാന സർക്കാരിന്റെ പരിപാടിയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമ സഭാ മണ്ഡലങ്ങളിലും നേരിട്ട് പോയി ജനങ്ങളുമായി ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും നേരിട്ട് പരിഹാരം കാണുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ ക്രക്സ്. യു.ഡി.എഫ് പരിപാടി ബഹിഷ്കരിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരുമായി ഓരോ മണ്ഡലത്തിലേയും വിവിധ ധാരയിൽപ്പെട്ട മനുഷ്യരുമായി സംവദിക്കുന്ന പ്രഭാത യോഗങ്ങൾ നടന്നു. മുഖ്യമന്ത്രിയോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടായിരുന്നു ആ സംവാദ യോഗം നടന്നിരുന്നത്. യു.ഡി.എഫ് വിലക്ക് മറികടന്ന് അനേകം പ്രാദേശിക കോൺഗ്രസ് – ലീഗ് നേതാക്കൾ ആ യോഗത്തിനെത്തി. തങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ പ്രയാസങ്ങൾ സർക്കാരിനെ ധരിപ്പിക്കുകയും അതിന് പരിഹാരം കാണുകയും ചെയ്യാൻ ശ്രമിക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടെന്നാണ് അവരന്ന് പറഞ്ഞത്.

അങ്ങനെ പങ്കെടുക്കുന്ന പ്രാദേശിക നേതാക്കൾക്ക് നേരെ പാർടി നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് അറിയിച്ചു. അതിനോട് പ്രതികരിച്ചു കൊണ്ട് കെ. മുരളീധരൻ എം.പി പറഞ്ഞത് ” പിണറായിയുടെ ചായ കുടിക്കുന്നവർ കോൺഗ്രസിൽ വേണ്ട.. അങ്ങനെ പോണവർ പോകട്ടെ.. അങ്ങനെ പോയിട്ട് കോൺഗ്രസും ലീഗും ഇല്ലാതാകുകയാണെങ്കിൽ അങ്ങ് ഇല്ലാതാകുന്നതാണ് നല്ലത്. പിണറായിയുടെ ചായ കുടിച്ചിട്ടേ കോൺഗ്രസ് ഉണ്ടാവൂ ഈ നാട്ടിലെങ്കിൽ ഇവിടെ വേണ്ട.. “

പ്രധാന മന്ത്രി നരേന്ദ്ര മോദി നൽകിയ ഭക്ഷണ സൽക്കാരത്തിൽ കൊല്ലം എം.പിയും ആർ.എസ്.പി നേതാവുമായ എൻ.കെ പ്രേമചന്ദ്രൻ പങ്കെടുത്തത് വിവാദമായി. പ്രധാന മന്ത്രി വിളിച്ചാൽ ഇനിയും പോകുമെന്ന് അതിനോട് പ്രതികരിച്ചു കൊണ്ട് പ്രേമചന്ദ്രനും മറുപടി നൽകി. ഇതിനോടും അതേ കെ. മുരളീധരൻ പ്രതികരിച്ചിട്ടുണ്ട്. ” പ്രധാന മന്ത്രി വിളിച്ചപ്പോൾ ഭക്ഷണം കഴിക്കാൻ പോയി എന്നത് കൊണ്ട് ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായിട്ട് എതിർക്കും. മോദിയുടെ കൂടെ പേഴ്സണലായി ഇരുന്ന് ഭക്ഷണം കഴിച്ചാൽ ഇല്ലാതാകുന്നതൊന്നുമല്ല ഈ രാജ്യത്തിന്റെ മതേതരത്വം “

പ്രധാന മന്ത്രിയോ മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ആര് ഒഫീഷ്യൽ ആയി ക്ഷണിച്ചാലും പോകുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ ക്ഷണിക്കപ്പെടുന്നവർ ആരെന്നതിൽ ചോദ്യമുണ്ട്. മനോരമ മുതലാളി ജയന്ത്‌ മാമൻ മാത്യു അമേരിക്കൻ പ്രസിഡന്റ് പങ്കെടുത്ത പരിപാടിയിൽ പ്രധാന മന്ത്രിയുടെ അതിഥിയായി പോയത് സി.പി.ഐ.(എം) പ്രതിനിധി ചാനലിൽ ചോദ്യം ചെയ്തപ്പോൾ മനോരമ തൊഴിലാളിയായ അയ്യപ്പ ദാസ് പുച്ഛത്തോടെ സമാനമായ മറുപടി പറഞ്ഞിരുന്നു. രാജ്യത്തെ വലിയ പത്ര സ്ഥാപന ഉടമകൾ ക്ഷണിക്കപ്പെടുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് മനസിലാകില്ലേ എന്ന്.

ഉറപ്പായും മനസിലാകും. ന്യൂസ് ക്ലിക് റെയ്ഡ് ചെയ്ത് അടച്ചു പൂട്ടിക്കുമ്പോൾ, ആൾട് ന്യൂസും മുഹമ്മദ്‌ സുബൈറും വേട്ടയാടപ്പെടുമ്പോൾ, ടെലഗ്രാഫ് പത്രാധിപരായിരുന്നയാൾ പോലും നിശബ്ദമാക്കപെട്ടപ്പോൾ മനോരമ മുതലാളി അമേരിക്കൻ പ്രസിഡന്റിന്റെ സദസ്സിൽ ക്ഷണിക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസിലാകും. അത് പോലെ എൻ.കെ പ്രേമചന്ദ്രനും നാളെ കെ. മുരളീധരനും ക്ഷണിക്കപ്പെട്ടാൽ അതെങ്ങനെയാണെന്നും മനസിലാകും. പിണറായിയുടെ ചായ കുടിക്കുന്നവർ യു.ഡിഎഫിന് പുറത്ത്. മോദിയുടെ താലി മീൽസ് കഴിക്കുന്നയാളെ യു.ഡി.എഫ് ഒറ്റക്കെട്ടായി സംരക്ഷിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.