ന്യൂഡൽഹി: 199ലെ കാർഗിൽ വിജയത്തിൻ്റെ യുദ്ധസ്മരണയിൽ പാകിസ്താന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ ഭീകരർക്ക് അഭയം നൽകുന്നത് തുടരുകയാണ്. ചരിത്രത്തിൽ നിന്ന് പാഠങ്ങളൊന്നും അവർ പഠിച്ചിട്ടില്ല. ഭീകരരുടെ എല്ലാ വെല്ലുവിളികളും ഇന്ത്യ പരാജയപ്പെടുത്തും. 25 വർഷം മുമ്പ് ഇന്ത്യ കാർഗിൽ യുദ്ധം ജയിക്കുക മാത്രമല്ല ചെയ്‌തത്. സത്യത്തിൻ്റെയും സംയമനത്തിൻ്റെയും ശക്തിയുടെയും മികച്ച ഉദാഹരണമാണ് നൽകിയതെന്നും കാർഗിൽ യുദ്ധ സ്‌മാരരകത്തിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ ത്യാഗം അനശ്വരമാണ്. എന്നും ഓർമ്മിക്കപ്പെടുന്നതാന്ന് ഈ ത്യാഗം. പാകിസ്ഥാൻ അവരുടെ ചരിത്രത്തിൽ നിന്നും പഠിച്ചിട്ടില്ല. തീവ്രവാദത്തിൻ്റെ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ല. നമ്മുടെ സൈനികർ തീവ്രവാദത്തെ തകർക്കും. ശത്രുവിന് തക്ക മറുപടി നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റിയാസി ജില്ലയിൽ തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണമുണ്ടായത്.
മഹത്തായ കാർഗിൽ വിജയ് ദിവസിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിന് വേണ്ടി ചെയ്‌ത ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോട് പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കോ ജമ്മു കശ്മീരോ ആകട്ടെ, വികസനത്തിൻ്റെ വഴിയിൽ വരുന്ന എല്ലാ വെല്ലുവിളികളെയും ഇന്ത്യ പരാജയപ്പെടുത്തും. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചുവർഷം തികയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സേനയിലെ രക്തസാക്ഷികളായ ഉദ്യോഗസ്ഥർക്കും സൈനികർക്കും യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്‌മരണ ഉൾക്കൊണ്ടാണ് എല്ലാ വർഷവും ജൂലൈ 26ന് രാജ്യം കാർഗിൽ വിജയ് ദിവസായി ആചരിക്കുന്നത്.
സൈന്യത്തിനായുള്ള അഗ്നിപഥ് റിക്രൂട്ട്‌മെൻ്റ് പദ്ധതിയെ പ്രതിപക്ഷം രാഷ്ട്രീയ വത്കരിക്കുകയാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷം യുവാക്കളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിരോധ മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് ഈ സർക്കാർ നൽകുന്നത്. ലഡാക്കിലും ജമ്മു കശ്മീരിലും അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുകയാണ്. ഇവിടുത്തെ ടൂറിസം മേഖല അതിവേഗം വളരുകയാണെന്നും മോദി പറഞ്ഞു.



