സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സിൽ ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. പുതിയ പ്ലാന്റിൽ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കും ഉൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.
ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ ഘടിപ്പിക്കുന്നതുൾപ്പെടെ ആദ്യഘട്ട നിർമ്മാണം പൂർണമായും പൂർത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിന് സാധിക്കും.
ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്. ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി സാധിക്കും.
രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ദീർഘകാലമായി പ്രവർത്തിക്കുന്ന കെൽട്രോണിനൊപ്പം ഐഎസ്ആർഒ, ഡിആർഡിഒ, സിഎംഇടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ദീർഘകാലത്തേക്ക് തകരാറില്ലാതെ പ്രവർത്തിക്കുന്ന സൂപ്പർ കപ്പാസിറ്ററുകൾ ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോമോട്ടീവ് യന്ത്രങ്ങൾ, ഇൻവേർട്ടറുകൾ, എനർജി മീറ്റർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഉൽപ്പന്നമാണ്.
ഐഎസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 42 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്പാദന ശേഷി. ഇതോടെ കെ.സി.സി.എൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്പാദകരിലൊന്നായി മാറി.
സൂപ്പര്‍കപ്പാസിറ്റര്‍ അഥവാ അള്‍ട്രാ കപ്പാസിറ്റര്‍ / ഇലക്ട്രിക്കല്‍ ഡബിള്‍ ലേയര്‍ കപ്പാസിറ്റര്‍ എന്നറിയപ്പെടുന്ന കപ്പാസിറ്ററുകള്‍ ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളാണ്. അവയുടെ കപ്പാസിറ്റന്‍സ് സാധാരണ കപ്പാസിറ്ററുകളേക്കാള് വളരെ ഉയര്‍ന്നതും കുറഞ്ഞ വോള്‍ട്ടേജ് പരിധികളുള്ളവയുമാണ്. ഇലക്ട്രോലൈറ്റിക് കപ്പാസിറ്ററുകളെ അപേക്ഷിച്ച് നൂറ് മടങ്ങ് ഊര്‍ജ്ജം സംഭരിക്കാന്‍ കഴിവുള്ളവയാണിവ.
റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററികളേക്കാള്‍ കൂടുതല്‍ ചാര്‍ജ് / ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കൈകാര്യം ചെയ്യാനും കഴിയും. ഓര്‍ഗാനിക് ഇലക്ട്രോലൈറ്റിനൊപ്പം ആക്ടിവേറ്റഡ് കാര്‍ബണ്‍ ഇലക്ട്രോഡിനെ അടിസ്ഥാനമാക്കിയാണ് സൂപ്പര്കപ്പാസിറ്ററുകള് നിര്‍മ്മിക്കുന്നത്. ആക്ടിവേറ്റഡ് കാര്‍ബണിന്റെ പ്രധാന ഗുണം അതിന്റെ വൈവിധ്യമാര്‍ന്ന ഘടന, കുറഞ്ഞ ചിലവ്, വളരെ വികസിത ഉപരിതല വിസ്തീര്‍ണ്ണം, സങ്കീര്‍ണ്ണമായ രൂപകല്‍പ്പന ആവശ്യമില്ലാത്ത ഉയര്‍ന്ന ഊര്‍ജ്ജ ആപ്ലിക്കേഷനുകള്‍ എന്നിവയാണ്. ഓട്ടോമോട്ടീവ്, റെന്യുവബിൾ എനർജി, ഇലക്ട്രിക്ക് വെഹിക്കിൾ, എനർജി മീറ്റർ, ഇൻവെർട്ടറുകൾ എന്നിങ്ങനെ നിരവധി ആപ്ലിക്കേഷനുകളില്‍ സൂപ്പര്കപ്പാസിറ്ററുകള് ഉപയോഗിക്കുന്നു.

അധിക വൈദ്യുതി ആവശ്യങ്ങള്‍ക്കായി വ്യവസായങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സൂപ്പര്കപ്പാസിറ്ററുകള് രൂപകല്‍പ്പന ചെയ്യാന്‍ ഇതിലൂടെ കഴിയും. സൂപ്പര്കപ്പാസിറ്ററുകളുടെ ആപ്ലിക്കേഷനുകള്‍ മില്ലി- വാട്ട് വൈദ്യുതി ആവശ്യങ്ങള്‍ തൊട്ട് നൂറുകണക്കിന് കിലോവാട്ട് വൈദ്യുതി ആവശ്യങ്ങള്‍ വരെ നീളുന്നു. ഗതാഗതം, ഉപഭോക്തൃ ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങള്‍, ബഹിരാകാശ വിക്ഷേപണ വാഹനങ്ങള്‍, വ്യാവസായിക മേഖലകള്‍ എന്നിവയില്‍ സൂപ്പര്കപ്പാസിറ്ററുകള് പ്രയോജനപ്പെടുത്താൻ കഴിയും. സൂപ്പര്കപ്പാസിറ്ററുകള് ബാറ്ററികളും കപ്പാസിറ്ററുകളും തമ്മിലുള്ള ദൂരം നികത്തുന്നത് കൂടിയാണ് സൂപ്പർ കപ്പാസിറ്ററുകൾ.
കണ്ണൂർ കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. എം വിജിൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.



