കോഴിക്കോട്: ഒമ്പത് വയസുകാരി ദൃഷാനെയെ ഇടിച്ചിട്ട് കോമയിലാക്കിയ കാർ പത്ത് മാസത്തിന് ശേഷമാണ് പൊലീസ് കണ്ടെത്തിയത്. ഇന്‍ഷുറന്‍സ് ക്ലെയിമിനായി കാര്‍ ഉടമ ശ്രമിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍ 18 ആര് 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെയും അമ്മൂമ്മയേയും ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിൻ്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയെന്നും എസ്.പി പറഞ്ഞു.
അപകടത്തിന് ശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാത്രി ഒമ്പതുമണിയോടെ ആണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിൻ്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്കാന് കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ്.പി പറഞ്ഞു.
ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു.
കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക വിവരം ഉണ്ടായിരുന്നത്. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011- 2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തി.
2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധന നടത്തി അപകട സമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടെത്തി.
അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും കണ്ടെത്തി. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന് ചെയ്യുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്.പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്.പി പറഞ്ഞു.
ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിൻ്റെയും സ്മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ പുത്തലത്ത് ബേബി (62)യെയും തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം ഇടിച്ചിട്ടത്. അപകടത്തില്‍ ബേബി മരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലാമിടം.ഇൻ വാർത്തകൾ വാട്സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.



