ഇന്ത്യക്കാരുടെ ഡോളോ തീറ്റയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കം. ഡോ. പാല്‍ എന്നാണ് ഇദ്ദേഹം ഓണ്‍ലൈനില്‍ അറിയപ്പെടുന്നത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഡോളോ -650 വേദന സംഹാരിയുടെ അമിത ഉപയോഗം സംബന്ധിച്ച ഡോ. പാലിൻ്റെ ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കാഡ്‌ബെറി ജെംസ് മിഠായി കഴിക്കുന്നത് പോലെയാണ് ഇന്ത്യക്കാര്‍ ഡോളോ -650 കഴിക്കുന്നതെന്ന് എക്‌സില്‍ പങ്കുവെച്ച ട്വീറ്റില്‍ ഡോക്ടര്‍ പരഹസിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെയും ആരോഗ്യ വിദഗ്‌ദരുടെയും നിരവധി പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് വന്നിട്ടുള്ളത്.
തമാശയോടെയാണ് ഈ കുറിപ്പ് ഡോ. പാല്‍ പങ്കുവെച്ചിട്ടുള്ളതെങ്കിലും പനിയും തലവേദനയും മുതല്‍ പൊതുവായ എല്ലാ അസുഖങ്ങള്‍ക്കും പാരസെറ്റമോള്‍ കഴിക്കുന്ന മിക്കവരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റിന് കഴിഞ്ഞു എന്നതാണ്.
ആയിരകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് നിമിഷനേരം കൊണ്ട് ഈ പോസ്റ്റ് നേടിയത്. വീട്ടില്‍ ഡോളോയുടെ ഒരു സ്ട്രിപ്പ് പോലും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിട്ടില്ലെന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്‌തു. ഇന്ത്യക്കാരുടെ ആശ്വാസ മരുന്നാണ് ഡോളോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ‘നിങ്ങള്‍ക്കിന്ന് മോശം ദിവസമാണോ? ഒരു ഡോളോ, പനിയുണ്ടോ? ഡോളോ, ബ്രേക്ക് അപ്?’ ഇതായിരുന്നു ഡോളോ ഉപഭോഗത്തെ പരിഹസിച്ചു കൊണ്ടുള്ള മറ്റൊരു കമന്റ്.
തമാശയാണെങ്കിലും ഡോളോ 650 ഉപഭോഗത്തെക്കുറിച്ച് ഡോ. പാല്‍ പറഞ്ഞ കാര്യം ഗൗരവമുള്ളതാണ്. അതില്‍ അദ്ദേഹം നല്‍കുന്ന സന്ദേശവും വലിയ സ്വാധീനം ചെലുത്തുന്നതാണ്. ഡോളോ 650 മിഠായിയല്ല. പതിവായി ഇത് കഴിക്കുന്നത് രോഗ ലക്ഷണങ്ങളെ മറയ്ക്കുകയും രോഗനിര്‍ണയം വൈകിപ്പിക്കുകയും ചെയ്യും.
പാരസെറ്റമോള്‍ ബ്രാന്‍ഡായ ഡോളോ -650 പ്രത്യേകിച്ച് കോവിഡ് 19ൻ്റെ വരവോടെയാണ് ഇന്ത്യയില്‍ വലിയതോതില്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇന്ത്യന്‍ വീടുകള്‍ ഇത് എപ്പോഴും ലഭ്യമായിരിക്കും. പനി, ശരീര വേദന, തലവേദന, വാക്‌സിനുശേഷമുള്ള അസ്വസ്ഥത തുടങ്ങി എല്ലാ അസുഖങ്ങള്‍ക്കും ആദ്യം ഉപയോഗിക്കുന്നത് ഡോളോ ആയിരിക്കും.
പാരസെറ്റമോളിൻ്റെ അമിത ഉപയോഗത്തെ കുറിച്ച് ആരോഗ്യ വിദഗ്‌ദർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാരസെറ്റമോളിനും അതിൻ്റെതായ ദൂഷ്യഫലങ്ങളുണ്ട്. നമ്മള്‍ അതിനെ അവഗണിക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ അല്ലാതെ ഗുളിക കഴിക്കുകയും ചെയ്യുന്നത് ഒഴിച്ചാല്‍ ഇതൊരു മിനറല്‍ സപ്ലിമെന്റ് പോലെയാണെന്ന് ഡെല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാകേഷ് ഗുപ്‌ത പറയുന്നു.
പാരസെറ്റമോളിൻ്റെ അമിത ഉപയോഗം കരള്‍, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ശരിയായ രീതിയില്‍ ഉപയോഗിക്കുമ്പോള്‍ ഇത് സുരക്ഷിതമാണ്. എങ്കിലും ജാഗ്രതയോടെ കഴിക്കണം. പനി കുറയ്ക്കാനും ചെറിയ വേദനകള്‍ മാറ്റുന്നതിനുമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
500 മില്ലിഗ്രാം, 650 മില്ലി ഗ്രാം ഗുളിക രൂപത്തിലും 1000 കുത്തിവെപ്പിനുള്ള മരുന്നായും പാരസെറ്റമോള്‍ ലഭ്യമാണ്. മെഡിക്കല്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുതിര്‍ന്നവര്‍ക്ക് അനുവദനീയമായ പരമാവധി ഡോസ് പ്രതിദിനം 4 ഗ്രാം (4,000 മില്ലി ഗ്രാം) ആണ്.
500 എംജി ഡോളോ ഒരാള്‍ക്ക് 24 മണിക്കൂറിനിടയില്‍ എട്ട് ഗുളിക വരെ സുരക്ഷിതമായി കഴിക്കാം. കുറഞ്ഞത് നാല് മണിക്കൂര്‍ ഇടവേളയിലായിരിക്കണം ഈ ഉപഭോഗം. അമിത ഡോസ് ഒഴിവാക്കാന്‍ ഇതേ ഫലം ചെയ്യുന്ന മറ്റ് മരുന്നുകള്‍ക്കൊപ്പം പാരസെറ്റമോള്‍ കഴിക്കരുതെന്നും രോഗികളോട് നിര്‍ദേശിക്കാറുണ്ട്.
എന്നാല്‍, ഗര്‍ഭിണിയായിരിക്കുമ്പോഴും മുലയൂട്ടുന്ന സമയത്തും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പാരസെറ്റമോള്‍ കഴിക്കുന്നത് സുരക്ഷിതമാണ്. മരുന്ന് ലഭ്യമാണെങ്കില്‍ കൂടിയും ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അമിത ഉപയോഗം കരള്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് വരെ കാരണമായേക്കാം. വൃക്കയുടെ ഫില്‍ട്ടറിങ് ശേഷിയെ ഇത് ബാധിക്കുകയും ചെയ്യുമെന്നാണ് ഡോ. ഗുപ്‌ത മുന്നറിയിപ്പ് നല്‍കുന്നത്.
യുകെയിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസില്‍ നിന്നുള്ള കണക്കുകളില്‍ പാരസെറ്റമോള്‍ അമിത ഉപയോഗത്തിൻ്റെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2021ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 227 മരണങ്ങളാണ് പാരസെറ്റമോള്‍ അമിത ഉപയോഗം കാരണം റിപ്പോര്‍ട്ട് ചെയ്‌തത്. 2022-ല്‍ ഇത് 261 ആയി.
കരള്‍, വൃക്ക രോഗികളിലും ആഴ്‌ചയില്‍ 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം കഴിക്കുന്നവര്‍ക്കും പാരസെറ്റമോള്‍ അമിത ഉപയോഗം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കും. രണ്ട് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി പാരസെറ്റമോള്‍ കഴിക്കരുതെന്നാണ് മെഡിക്കല്‍ വിഭാഗം പറയുന്നത്. പാരസെറ്റമോള്‍ കഴിക്കുന്നതുവഴി ലഭിക്കുന്നത് താല്‍ക്കാലിക ആശ്വാസം മാത്രമാണെന്നും ഡോ. ഗുപ്‌ത ചൂണ്ടിക്കാട്ടുന്നു.



