ഭൂമിയിൽനിന്നു നോക്കിയാൽ ചന്ദ്രനിൽ ഒരു മിന്നൽപ്പിണർ! ഏതാനും മിനിറ്റുകൾ നീണ്ടുനിൽക്കുന്ന ആ പ്രകാശവിസ്മയം വെറുമൊരു സ്വപ്നമല്ല. 2032 ഡിസംബർ 22-ന് ആകാശത്ത് ഇത്തരമൊരു അത്ഭുതം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. 2024 YR4 എന്ന ഛിന്നഗ്രഹം ചന്ദ്രനിൽ പതിച്ചാൽ ഭൂമിയിലുള്ളവർക്ക് അത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുമെന്ന കണ്ടെത്തൽ ശാസ്ത്രപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
ഏകദേശം 60 മീറ്റർ വീതിയുള്ള, ഒരു വലിയ കെട്ടിടത്തിന്റെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ചന്ദ്രനിൽ പതിക്കാനുള്ള സാധ്യത നിലവിൽ 4.3 ശതമാനമാണ്. എന്നാൽ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ നിരീക്ഷണങ്ങൾ പ്രകാരം ഈ സാധ്യത 30 ശതമാനത്തിന് മുകളിലേക്ക് ഉയരാമെന്നും ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു. ചന്ദ്രനിൽ ഇടിയുണ്ടായാൽ ഏകദേശം 5.2 മുതൽ 8 മെഗാടൺ ടി.എൻ.ടിക്ക് തുല്യമായ ഊർജ്ജമാകും പുറത്തുവിടുക. ഇത് ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു കിലോമീറ്ററോളം വീതിയുള്ള വലിയൊരു ഗർത്തം സൃഷ്ടിക്കാൻ പര്യാപ്തമാണ്.
കേവലം ഒരു കൂട്ടിയിടി എന്നതിലുപരി ശാസ്ത്രലോകത്തിന് ഇതൊരു സുവർണ്ണാവസരമാണ്. മനുഷ്യ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ശക്തമായ ചന്ദ്രനിലെ കൂട്ടിയിടിയായിരിക്കും ഇത്. കൂട്ടിയിടിയെത്തുടർന്നുണ്ടാകുന്ന ‘ഒപ്റ്റിക്കൽ ഫ്ലാഷിന്’ ശേഷം ഉരുകിയ പാറകൾ തണുക്കുന്നതിന്റെ ഫലമായി മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഇൻഫ്രാറെഡ് പ്രകാശവും ഉണ്ടാകും. ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചും ബഹിരാകാശ വസ്തുക്കളുടെ ഘടനയെക്കുറിച്ചും കൂടുതൽ ആഴത്തിൽ പഠിക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കും.
ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നെങ്കിലും, ഭൂമിക്ക് നിലവിൽ ഭീഷണിയില്ലെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും 2024 YR4-നെ കൃത്യമായി നിരീക്ഷിക്കാൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (JWST) പ്രത്യേക നിരീക്ഷണ വിൻഡോകൾ ഒരുക്കുന്നുണ്ട്. കൂട്ടിയിടി ഒഴിവാക്കാൻ ഛിന്നഗ്രഹത്തിനടുത്ത് അണുബോംബ് പൊട്ടിക്കുന്നതുൾപ്പെടെയുള്ള സാധ്യമായ വഴിമാറ്റൽ മാർഗ്ഗങ്ങൾ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രയിലെ സുപ്രധാനമായ ഒരു ഘട്ടമായിരിക്കും 2032-ലെ ഈ സംഭവം. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞർക്ക് വരും വർഷങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. കൂട്ടിയിടി നടന്നാലും ഇല്ലെങ്കിലും, ആകാശസീമകളിലെ ഈ നിഗൂഢതകൾക്ക് സാക്ഷിയാകാൻ കാത്തിരിക്കുകയാണ് ഭൂമി.



