...
Home News ഒടിപി തട്ടിപ്പുകാർ ജാഗ്രതൈ; എയർടെലിന്റെ എഐ ‘പടച്ചട്ട’ വരുന്നു!

ഒടിപി തട്ടിപ്പുകാർ ജാഗ്രതൈ; എയർടെലിന്റെ എഐ ‘പടച്ചട്ട’ വരുന്നു!

തട്ടിപ്പുകാർ പതിവായി ഉപയോഗിക്കുന്ന സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഒരു നിമിഷം ചിന്തിക്കാനും ചതിക്കുഴികളിൽ വീഴാതിരിക്കാനും ഈ സംവിധാനം അവസരം നൽകുന്നു.

290

ബാങ്കിങ് തട്ടിപ്പുകൾ തടയുന്നതിനായി നിർമിതബുദ്ധി (AI) ഉപയോഗിച്ചുള്ള പുതിയ സുരക്ഷാ കവചം എയർടെൽ അവതരിപ്പിച്ചു. ഒടിപി (OTP) സംബന്ധമായ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ തത്സമയം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫ്രോഡ് അലർട്ട് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ പണം സുരക്ഷിതമാക്കാൻ ഇത് വലിയ സഹായകമാകും.

ബാങ്ക് ഉദ്യോഗസ്ഥരെന്നോ ഡെലിവറി ഏജന്റുകളെന്നോ വ്യാജേന ഫോണിൽ വിളിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ പ്രധാന രീതി. ഇവരുടെ ചതിക്കുഴിയിൽ വീണ് ഒടിപി പങ്കുവെക്കുന്ന നിമിഷം തന്നെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം അപകടസാധ്യതയുള്ള കോളുകൾ തിരിച്ചറിയാൻ എയർടെലിന്റെ എഐ സംവിധാനത്തിന് സാധിക്കും.

ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ തത്സമയ (Real-time) മുന്നറിയിപ്പാണ്. നിങ്ങൾ ഒരു സംശയാസ്പദമായ ഫോൺ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ ഫോണിലേക്ക് ബാങ്ക് ഒടിപി വരികയാണെങ്കിൽ, എയർടെൽ ഉടൻ തന്നെ ഒരു ഫ്രോഡ് അലേർട്ട് നൽകും. ഒടിപി കൈമാറുന്നത് അപകടമാണെന്ന് ആ നിമിഷം തന്നെ ഉപഭോക്താവിനെ ബോധ്യപ്പെടുത്താൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.

നിലവിൽ ഹരിയാണയിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായ ഈ സേവനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലുടനീളം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. തട്ടിപ്പുകാർ പതിവായി ഉപയോഗിക്കുന്ന സുരക്ഷാ പഴുതുകൾ അടയ്ക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഒരു നിമിഷം ചിന്തിക്കാനും ചതിക്കുഴികളിൽ വീഴാതിരിക്കാനും ഈ സംവിധാനം അവസരം നൽകുന്നു. നിർമിതബുദ്ധിയും സാങ്കേതികവിദ്യയും ഒത്തുചേരുമ്പോൾ സൈബർ സുരക്ഷ കൂടുതൽ ശക്തമാവുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.