സാഹസിക മലകയറ്റത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കർണാടക വനംവകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) പ്രഖ്യാപിച്ചു. ട്രക്കിങ് കേന്ദ്രങ്ങളിൽ ആളുകളെ കാണാതാവുന്നതും അപകടങ്ങൾ സംഭവിക്കുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. അടുത്തിടെ കുടകിലെ തടിയൻഡമോൾ മലമുകളിൽ ട്രക്കിങ്ങിനിടെ വഴിതെറ്റി മൂന്ന് രാത്രിയും രണ്ട് പകലും കാട്ടിൽ ഒറ്റപ്പെട്ടുപോയ നാദാപുരം സ്വദേശിനി ജി.എസ്. ശരണ്യയെ രക്ഷപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
പുതിയ നിയമപ്രകാരം ഓരോ പത്ത് മലകയറ്റക്കാർക്കും ഒരു അംഗീകൃത യാത്രാ സഹായി (ഗൈഡ്) വീതം ഉണ്ടായിരിക്കണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഒരാൾ മാത്രമാണ് ട്രക്കിങ്ങിന് എത്തുന്നതെങ്കിൽ പോലും ഗൈഡിന്റെ സഹായം ലഭ്യമാക്കിയിരിക്കണം എന്ന് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ വ്യക്തമാക്കി. യാത്രാ സഹായികൾ ജി.പി.എസ്. സൗകര്യമുള്ള വോക്കി-ടോക്കികളും പ്രഥമശുശ്രൂഷാ കിറ്റും നിർബന്ധമായും കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.
മലകയറ്റത്തിന് എത്തുന്നവർ വനംവകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴി മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കൂടാതെ, വനംവകുപ്പ് തയ്യാറാക്കിയ പ്രത്യേക ട്രാക്കിങ് ആപ്ലിക്കേഷൻ ഓരോരുത്തരുടെയും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ ട്രക്കർമാരുടെ സ്ഥാനം കൃത്യമായി മനസ്സിലാക്കാനും വേഗത്തിൽ സഹായമെത്തിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.
യാത്ര തുടങ്ങുന്നതിന് മുൻപ് ബേസ് ക്യാമ്പിൽ വെച്ച് ട്രക്കർമാർക്ക് ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, യാത്രയ്ക്കെടുക്കുന്ന സമയം, ഭൂപ്രദേശത്തിന്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നിവയെക്കുറിച്ച് ഇവർക്ക് അറിവ് നൽകണം. പ്ലാസ്റ്റിക്, ക്യാമ്പ് ഫയർ, ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, മൂർച്ചയുള്ള ആയുധങ്ങൾ, ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവ ട്രക്കിങ് വേളയിൽ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.
പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക നിബന്ധനകൾ പുതിയ എസ്.ഒ.പിയിൽ (SOP) ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ട്രക്കിങ്ങിന് പോകാൻ രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാണ്, വയോധികർ തങ്ങളുടെ ആരോഗ്യക്ഷമത തെളിയിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ട്രക്കിങ് കേന്ദ്രങ്ങളിൽ ശൗചാലയങ്ങൾ, കുടിവെള്ളം, വിശ്രമകേന്ദ്രങ്ങൾ, അടയാള ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നും വനംവകുപ്പിന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.



