ഏപ്രിൽ 13ന് നോയിഡയിൽ ആരംഭിച്ച തൊഴിലാളി സമരത്തോടനുബന്ധിച്ച് പൊലീസ് നടത്തിയ നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. All India Lawyers Union, എസ്എഫ്ഐ , ഡിവൈഎഫ്ഐ എന്നീ സംഘടനകളാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ഏപ്രിൽ 16, 18 തീയതികളിൽ സമരപ്രദേശങ്ങളിൽ നടത്തിയ സന്ദർശനങ്ങളും ഇരകളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയങ്ങളും നിയമപരമായ ഇടപെടലുകളും അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സമരം അടിച്ചമർത്തുന്നതിനായി പൊലീസ് ഏകപക്ഷീയമായി തൊഴിലാളികളെ അറസ്റ്റ് ചെയ്തതും നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചതുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സംഭവം വെറും ക്രമസമാധാന പ്രശ്നമല്ല, മറിച്ച് വ്യവസ്ഥാപിതമായ അടിച്ചമർത്തലാണെന്നും ഭരണകൂടത്തിന്റെ നടപടികൾ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ട് പറയുന്നു. വ്യക്തമായ കുറ്റാരോപണങ്ങളില്ലാതെ അറസ്റ്റ് നടത്തിയതായും കണ്ടെത്തലിൽ വ്യക്തമാക്കുന്നു.
ഏപ്രിൽ 13–14 തീയതികളിൽ കുട്ടികൾ, വഴിയാത്രക്കാർ, ദിവസവേതന തൊഴിലാളികൾ തുടങ്ങി നിരവധി സാധാരണക്കാരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഏപ്രിൽ 15–17 കാലയളവിൽ ജോലിസ്ഥലങ്ങളിൽ നിന്ന് തന്നെ തൊഴിലാളികളെ പിടികൂടിയതായും ആരോപണം ഉണ്ട്. അറസ്റ്റ് അവസാന മാർഗമായി മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമതത്വം ലംഘിച്ചാണ് പൊലീസ് പ്രവർത്തിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.
അറസ്റ്റിലായവരുടെ കുടുംബങ്ങൾക്ക് എഫ്ഐആർ പകർപ്പുകൾ നൽകാത്തതും, Criminal Procedure Code Section 151 പ്രകാരം അറസ്റ്റ് നടത്തിയിട്ടും 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്തതും ഗുരുതര വീഴ്ചകളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ചിലരെ മൂന്ന് ദിവസത്തിലധികം കസ്റ്റഡിയിൽ പാർപ്പിച്ചതായും പറയുന്നു.
റിപ്പോർട്ടിലെ ഏറ്റവും ആശങ്കാജനകമായ കണ്ടെത്തലുകളിൽ ഒന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അറസ്റ്റ്. ഏകദേശം 300–350 കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട് പറയുന്നു. ഇവരിൽ പലരും കടകളിലേക്കോ ട്യൂഷൻ ക്ലാസുകളിലേക്കോ പോയവരാണെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നതിനായി കുടുംബങ്ങളിൽ നിന്ന് 5,000 മുതൽ 10,000 രൂപ വരെ ആവശ്യപ്പെട്ടതായും ഫോൺ കോളുകൾ വഴി പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഇത് പൗരാവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
വേതനവും തൊഴിൽസുരക്ഷയും സംബന്ധിച്ച ആവശ്യങ്ങൾ പരിഗണിക്കുന്നതിന് പകരം പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. അറസ്റ്റിലായവരുടെ വിവരങ്ങൾ കുടുംബങ്ങൾക്ക് ഉടൻ നൽകുക, എഫ്ഐആറുകൾ പുറത്തുവിടുക, തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുക എന്നിവയാണ് റിപ്പോർട്ടിലെ പ്രധാന ആവശ്യങ്ങൾ.



