ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട് ഇന്ത്യക്കാർ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നും അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോളുകൾ അനുസരിച്ച് നിരീക്ഷണത്തിൽ ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെള്ളിയാഴ്ച അറിയിച്ചു.
അന്താരാഷ്ട്ര ആരോഗ്യ നിയന്ത്രണങ്ങൾ (ഐഎച്ച്ആർ) വഴി ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത് രണ്ട് ഇന്ത്യക്കാരും നിരീക്ഷണത്തിൽ ആണെന്നാണ്. അതേസമയം മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) മറ്റ് അന്താരാഷ്ട്ര പങ്കാളികളുമായും അടുത്ത ഏകോപനം പുലർത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
നാഷണൽ സെൻ്റെർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), ഇൻ്റെഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി), ലോകാരോഗ്യ സംഘടന, മറ്റ് അന്താരാഷ്ട്ര ആരോഗ്യ അതോറിറ്റികൾ എന്നിവയുമായി ഏകോപിപ്പിച്ച് മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
IHR ചട്ടക്കൂടിന് കീഴിൽ WHO വഴി പങ്കിട്ട പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, കപ്പലിൽ എട്ട് ഹാൻ്റെ വൈറസ് അണുബാധ സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ അഞ്ചെണ്ണം ലബോറട്ടറിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് ആദ്യവാരത്തിൽ സംഭവത്തെ കുറിച്ച് WHO യെ അറിയിച്ചു.
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള കഴിവ് പരിമിതമാണെന്നും, പടരുന്നതിന് സാധാരണയായി അടുത്തതും ദീർഘവുമായ സമ്പർക്കം ആവശ്യമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആൻഡീസ് വിഭാഗത്തിൽപ്പെട്ട ഹാൻ്റെ വൈറസാണ് രോഗത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ലോകാരോഗ്യ സംഘടന നിലവിലെ പൊതുജനാരോഗ്യ അപകട സാധ്യത കുറവാണെന്ന് വിലയിരുത്തിയിട്ടുണ്ടെങ്കിലും അണുബാധയുമായി ബന്ധപ്പെട്ട താരതമ്യേന നീണ്ട ഇൻകുബേഷൻ കാലയളവ് കാരണം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കാമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രോഗ നിർണയ പിന്തുണ ശക്തിപ്പെടുത്തുക, പകർച്ചവ്യാധി വിലയിരുത്തൽ സുഗമമാക്കുക, യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷിതമായ ഇറക്കവും തുടർന്നുള്ള യാത്രാ ക്രമീകരണങ്ങളും ഉറപ്പാക്കുക എന്നിവയുൾപ്പെടെ ഐഎച്ച്ആർ സംവിധാനത്തിന് കീഴിലുള്ള അന്താരാഷ്ട്ര പ്രതികരണ നടപടികൾ ലോകാരോഗ്യ സംഘടന ഏകോപിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തയ്യാറെടുപ്പ് നടപടികൾ അവലോകനം ചെയ്യുന്നതിനുമായി ഐ.ഡി.എസ്.പിയുടെയും എൻസിഡിസിയുടെയും കീഴിലുള്ള പബ്ലിക് ഹെൽത്ത് എമർജൻസി ഓപ്പറേഷൻസ് സെൻ്റെർ (പിഎച്ച്ഇഒസി) ഐ.ഡി.എസ്.പി, ഐഎച്ച്ആർ- എൻ.എഫ്.പി ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു ഉന്നതതല അവലോകന യോഗം വിളിച്ചുകൂട്ടി.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത പാലിക്കുന്നുണ്ടെന്നും ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതൽ പൊതുജനാരോഗ്യ നടപടികൾ മുൻകൂർ സ്വീകരിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. -ഉറവിടം: പിടിഐ



