വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ ‘വാട്സാപ്പ് പ്ലസ്’ ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്.
എക്സ് (X) പോലുള്ള പ്ലാറ്റ്ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ കാണാൻ ആഗ്രഹിക്കുന്നവർക്കായി ഒരു കൂട്ടം പേഴ്സണലൈസേഷൻ ഫീച്ചറുകളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
വാട്സാപ്പ് പ്ലസിന്റെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിലൊന്ന് അതിന്റെ വിഷ്വൽ കസ്റ്റമൈസേഷൻ ആണ്. വാട്സാപ്പിന്റെ പരമ്പരാഗതമായ പച്ച നിറത്തിന് പകരം ഇന്റർഫേസിൽ ഉടനീളം ഉപയോഗിക്കാൻ കഴിയുന്ന 18 വ്യത്യസ്ത ആക്സെന്റ് നിറങ്ങൾ വരിക്കാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ, ലളിതമായ ഔട്ട്ലൈനുകൾ മുതൽ ആകർഷകമായ ഡിസൈനുകൾ വരെയുള്ള 14 പുതിയ ആപ്പ് ഐക്കണുകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കുന്നു.
ചാറ്റുകൾ കൈകാര്യം ചെയ്യുന്നതിലും വാട്സാപ്പ് പ്ലസ് വരിക്കാർക്ക് വലിയ മുൻഗണന നൽകുന്നുണ്ട്. സാധാരണ ഉപഭോക്താക്കൾക്ക് പരമാവധി മൂന്ന് ചാറ്റുകൾ മാത്രം പിൻ ചെയ്യാൻ സാധിക്കുമ്പോൾ, വാട്സാപ്പ് പ്ലസ് ഉപയോഗിച്ച് ഒരേസമയം 20 ചാറ്റുകൾ വരെ പിൻ ചെയ്തു വെക്കാൻ സാധിക്കും. കൂടാതെ, ഒരേ ലിസ്റ്റിലെ ഒന്നിലധികം ചാറ്റുകൾക്ക് ഒരേസമയം ഒരൊറ്റ തീം, മെസ്സേജ് അലർട്ട് ടോൺ, കോൾ റിംഗ്ടോൺ എന്നിവ നൽകാൻ സഹായിക്കുന്ന ‘ബൾക്ക് കൺട്രോളുകൾ’ എന്ന പ്രത്യേക ഫീച്ചറും ഇതിന്റെ ഭാഗമാണ്.
വിനിമയം കൂടുതൽ രസകരമാക്കാൻ അനിമേറ്റഡ് ഓവർലേ ഇഫക്റ്റുകളോട് കൂടിയ പ്രീമിയം സ്റ്റിക്കർ പാക്കുകൾ വാട്സാപ്പ് പ്ലസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ഉപഭോക്താക്കൾക്ക് മാത്രമായി 10 പ്രത്യേക റിംഗ്ടോണുകളും ലഭിക്കും. ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ, ക്വസ്റ്റ്, ഡ്രം, മർമർ, ഫ്ലക്സ്, മെഡോ, ബബിൾ, കാർണിവൽ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ എക്സ്ക്ലൂസീവ് റിംഗ്ടോണുകൾ.
നിലവിൽ, ഈ പ്രീമിയം സേവനം തിരഞ്ഞെടുത്ത ഐഫോൺ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക എന്ന് വാബീറ്റാ ഇൻഫോ വെബ്സൈറ്റിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഈ സേവനം സബ്സ്ക്രൈബ് ചെയ്യുന്നതിനായി ഇനിയും കാത്തിരിക്കേണ്ടി വരും. തങ്ങളുടെ താല്പര്യത്തിനനുസരിച്ച് വാട്സാപ്പിന്റെ ലുക്കും ഫീലും മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു മാറ്റമായിരിക്കും പുതിയ വാട്സാപ്പ് പ്ലസ് നൽകുന്നത്.



