...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ...

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്; അതിനൊരു ചരിത്രമുണ്ട്

വന്ദേമാതരത്തിലെ ഭക്തിപരമായ ശൈലി (പ്രത്യേകിച്ച് 'മാതാ' എന്നുള്ള സംബോധന) മതനിരപേക്ഷമായ ഒരു രാജ്യത്ത് ചില വിഭാഗങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ഭരണഘടനാ നിർമ്മാണ വേളയിൽ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ളവർ ജനഗണമനയ്ക്ക് മുൻഗണന നൽകിയത്.

153

| എമ്മെസ് ഷൈജു

ജനഗണ മന നമ്മുടെ ദേശീയ ഗാനവും വന്ദേ മാതരത്തിൻ്റെ നിശ്ചിത വരികൾ മാത്രം നമ്മുടെ ദേശീയ ഗീതവുമാണ്. അതിനൊരു ചരിത്രമുണ്ട്. അത് കൂടി മുന്നിൽ വെച്ച് വേണം വന്ദേമാതരം ചർച്ചകളെ നോക്കിക്കാണാൻ എന്ന് തോന്നുന്നു. വന്ദേ മാതരം ദേശീയ ഗാനമാക്കണമെന്ന് സ്വാതന്ത്ര്യ കാലത്തെ ഹിന്ദുത്വ ആവശ്യമായിരുന്നു. അന്നതിനെ ആക്കിയില്ല. അതിൻ്റെ കാരണം വന്ദേമാതരത്തിന് ഒരു ഇൻക്ലൂസിവ് സ്വഭാവമില്ല എന്നതായിരുന്നു. വന്ദേ മാതരം ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘ആനന്ദമഠം’ എന്ന നോവലിൽ നിന്നുള്ളതാണ്. ഇത് ഭാരതാംബയെ ദുർഗാ ദേവിയായി ചിത്രീകരിക്കുന്നതിനാൽ സാംസ്കാരിക ദേശീയതയിലും ഹൈന്ദവ ഭാവുകത്വത്തിലും അധിഷ്ഠിതമായ ഒരു ദേശീയ സങ്കല്പത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത് എന്നാണ് അന്ന് വ്യാഖ്യാനിക്കപ്പെട്ടത്.

രവീന്ദ്രനാഥ ടാഗോർ രചിച്ച ‘ജനഗണമന’, ഇന്ത്യയുടെ വൈവിധ്യങ്ങളെയും ഭൗമപരമായ ഐക്യത്തെയും (പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാഠ, ദ്രാവിഡ, ഉത്കൽ, ബംഗാൾ) പരാമർശിച്ചുകൊണ്ട് ഒരു ആധുനിക മതേതര ദേശീയതയെയാണ് മുന്നോട്ട് വെക്കുന്നത്. വന്ദേ മാതരം സന്യാസി വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതും ബ്രിട്ടീഷ് ഭരണത്തിനെതിരായ തീക്ഷ്ണമായ വികാരം ഉൾക്കൊള്ളുന്നതുമാണ്. ജനഗണമന വിഭജിക്കപ്പെടാത്ത ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയെ വാഴ്ത്തുന്നതും ഒരു ഭരണകൂട ദേശീയഗാനത്തിന് യോജിച്ച ശൈലിയിലുള്ളതുമാണ്.

വന്ദേമാതരത്തിലെ ഭക്തിപരമായ ശൈലി (പ്രത്യേകിച്ച് ‘മാതാ’ എന്നുള്ള സംബോധന) മതനിരപേക്ഷമായ ഒരു രാജ്യത്ത് ചില വിഭാഗങ്ങൾക്ക് സ്വീകരിക്കുന്നതിൽ പ്രയാസമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ഭരണഘടനാ നിർമ്മാണ വേളയിൽ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ളവർ ജനഗണമനയ്ക്ക് മുൻഗണന നൽകിയത്. എന്നാൽ ആര്യസമാജം, ഹിന്ദു മഹാസഭ, ആർ.എസ്.എസ് തുടങ്ങിയ സംഘടനകൾ വന്ദേമാതരത്തെയായിരുന്നു യഥാർത്ഥ ദേശീയ ഗാനമായി കണ്ടിരുന്നത്.

മതപരമായ തീവ്രതയും ദേശാഭിമാനവും സമ്മേളിക്കുന്ന ഈ ഗാനം ഭാരതീയ സംസ്കാരത്തിന്റെ ആത്മാവാണെന്ന് അവർ വാദിച്ചു. അതായിരിക്കണം രാജ്യത്തിൻ്റെ ദേശീയതയെ നിർണയിക്കുന്ന ഗാനമാക്കേണ്ടത് എന്നവർ നിർബന്ധം പിടിച്ചു. എന്നാൽ 1950 ജനുവരി 24-ന് ചേർന്ന ഭരണഘടനാ അസംബ്ലിയിൽ ഡോ. രാജേന്ദ്രപ്രസാദ് നടത്തിയ പ്രഖ്യാപനപ്രകാരം, ജനഗണമനയെ ദേശീയ ഗാനമായും (National Anthem) വന്ദേമാതരത്തിൻ്റെ ഏതാനും വരികളെ ദേശീയ ഗീതമായും (National Song) അംഗീകരിച്ചു.
ചുരുക്കിപ്പറഞ്ഞാൽ വലിയ സമ്മർദ്ദങ്ങളെ അതി ജയിച്ചാണ് ജനഗണമന നമ്മുടെ ദേശീയഗാനമായത്.

അപ്പോഴും ഹിന്ദുത്വ സംഘടനകളും ആർ.എസ്.എസ് ഉം വന്ദേ മാതരത്തെയാണ് ദേശീയ ഗാനമായി സങ്കല്പിച്ച് പോന്നത്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിൻ്റെ നിയമ സഭയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങുന്നതിനെ നമ്മൾ വിലയിരുത്തേണ്ടത്. നിയമപരമായി അതിൽ തെറ്റൊന്നുമില്ലെങ്കിലും മതേതര ദേശീയതയെ മാറ്റി സാംസ്കാരിക ദേശീയതയെ പ്രതിഷ്ഠിക്കാൻ ആർ.എസ്.എസ് നടത്തുന്ന പരിശ്രമങ്ങളെ മുന്നിൽ നിർത്തി വിലയിരുത്തുമ്പോൾ ഈയൊരു തുടക്കത്തെ എങ്ങനെ നോക്കിക്കാണമെന്ന് ഓരോരുത്തരും അവരവരുടെ ബോധത്തെ മുന്നിൽ നിർത്തി ആലോചിക്കട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.