കാസർകോട്, ബോവിക്കാനത്ത് ആൾക്കൂട്ട ആക്രമണം. ബാലനടുക്കം സ്വദേശി മുഹമ്മദ് റഫീഖാണ് മർദനത്തിന് ഇരയായത്. മുളിയാറിലെ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി.
ഗുരുതരമായി പരുക്കേറ്റ് യുവാവ് പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് റഫീഖ് ഗൾഫിൽ ജോലി ചെയ്യുമ്പോൾ സുഹൃത്ത് അഫ്രീദിന് 8000 ദിർഹം വായ്‌പയായി നൽകിയിരുന്നു. ഈ പണം നിരന്തരം ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയിരുന്നില്ല. പണം നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് പരാതി. ആക്രമിച്ചവർ പൊലീസിനോട് തട്ടിക്കയറുകയും ചെയ്‌തുവെന്നും നാട്ടുകാർ പറയുന്നു.
ആദ്യഘട്ടത്തിൽ പൊലീസ് നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പൊലാസ് ഇയാളെ കാസർകോടുള്ള ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് പരുക്ക് ഗുരുതരമായത് കൊണ്ട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. -വാർത്തയിൽ ഉപയോഗിച്ചത് പ്രധിനിധാന ചിത്രം.


