...
Home News വാട്സാപ്പിൽ ‘യൂസർനെയിം’ പണി പാളും; ഇന്ത്യയിൽ അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ കേന്ദ്ര നിർദ്ദേശം

വാട്സാപ്പിൽ ‘യൂസർനെയിം’ പണി പാളും; ഇന്ത്യയിൽ അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ കേന്ദ്ര നിർദ്ദേശം

ഫീച്ചറിന്റെ നേട്ടത്തേക്കാളുപരി അതിന്റെ ദുരുപയോഗ സാധ്യതയുമായി ബന്ധപ്പെട്ട ഗൗരവകരമായ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഈ നടപടി.

4

ഫോൺ നമ്പർ നൽകാതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ (Username) ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്ന നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ഫീച്ചറിന്റെ നേട്ടത്തേക്കാളുപരി അതിന്റെ ദുരുപയോഗ സാധ്യതയുമായി ബന്ധപ്പെട്ട ഗൗരവകരമായ മുന്നറിയിപ്പുകൾ പരിഗണിച്ചാണ് ഈ നടപടി. ഉപഭോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണെങ്കിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് വൻ തട്ടിപ്പുകൾക്ക് വഴിവെക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ സംരംഭകൻ അങ്കുർ വരിക്കു, പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മ തുടങ്ങിയവർ ഈ ഫീച്ചറിനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ വ്യക്തികളുടെ പേരുകൾക്ക് സമാനമായ വ്യാജ യൂസർനെയിമുകൾ നിർമ്മിച്ച് ആളുകളിൽ നിന്ന് പണം തട്ടാനും വ്യാജ ഗ്രൂപ്പുകളിലേക്ക് ചേർക്കാനും തട്ടിപ്പുകാർക്ക് ഇത് എളുപ്പമാക്കുമെന്ന് അങ്കുർ വരിക്കു പറഞ്ഞു. തന്റെ മുഖം ഉപയോഗിച്ച് ആളുകളെ നിക്ഷേപ ഗ്രൂപ്പുകളിലേക്ക് ആകർഷിക്കാൻ നിർമ്മിച്ച വ്യാജ എഐ പരസ്യങ്ങൾക്കെതിരെ നേരത്തെ നിയമപോരാട്ടം നടത്തിയ അനുഭവവും അദ്ദേഹം ഈ ആശങ്കയ്ക്ക് അടിസ്ഥാനമായി പങ്കുവെച്ചു.

വാട്സാപ്പിൽ വെരിഫൈഡ് അക്കൗണ്ടുകൾക്ക് പുറമെ, കാഴ്ച്ചയിൽ സാമ്യമുള്ള ഒട്ടേറെ അൺവെരിഫൈഡ് അക്കൗണ്ടുകൾ വ്യാപകമാകാൻ ഈ സംവിധാനം കാരണമാകുമെന്ന് വിജയ് ശേഖർ ശർമ്മയും മുന്നറിയിപ്പ് നൽകി. ഉപയോക്താക്കൾ വെരിഫിക്കേഷൻ ചിഹ്നങ്ങൾ കൃത്യമായി ശ്രദ്ധിക്കാത്തത് തട്ടിപ്പുകാർക്ക് ആളുകളെ കബളിപ്പിക്കുന്നത് എളുപ്പമാക്കും. തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുന്നതിൽ മെറ്റയുടെ മുൻകാല വീഴ്ചകളെ ചൂണ്ടിക്കാട്ടി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും ഈ പുതിയ അപ്‌ഡേറ്റിനെ വിമർശിച്ചിട്ടുണ്ട്.

വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടുകയും മെറ്റയ്ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. വിഷയത്തിൽ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ നിർത്തിവെക്കണമെന്നും മൂന്ന് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. ഇന്ത്യയിൽ മാത്രം 50 കോടിയിലധികം ഉപഭോക്താക്കളുള്ള വാട്സാപ്പിന്റെ ഈ പുതിയ സംവിധാനം രാജ്യസുരക്ഷയെയും പൊതുജന സുരക്ഷയെയും ബാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

ഫോൺ നമ്പർ വെളിപ്പെടുത്താതെ ആശയവിനിമയം നടത്തുന്നത് സ്വകാര്യതയുടെ കാര്യത്തിൽ നേട്ടമാണെങ്കിലും, ശക്തമായ വെരിഫിക്കേഷൻ സംവിധാനങ്ങളും ആന്റി അബ്യൂസ് സിസ്റ്റങ്ങളും (Anti-abuse systems) ഇല്ലാത്തത് ഈ ഫീച്ചറിനെ തട്ടിപ്പുകാരുടെ താവളമാക്കി മാറ്റുമെന്ന് വിമർശകർ പറയുന്നു. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് യൂസർനെയിമുകൾ റിസർവ് ചെയ്യാനുള്ള സൗകര്യം മെറ്റ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ വലിയ ഉപഭോക്തൃ നിര കണക്കിലെടുക്കുമ്പോൾ സുരക്ഷാ ഉറപ്പുകളില്ലാതെ ഈ ഫീച്ചർ നടപ്പിലാക്കുന്നത് അപകടകരമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.