...
Home News രാത്രിയിൽ നീലജ്വാല തുപ്പുന്ന വിസ്മയം; വിനോദസഞ്ചാരികളെയും അപകടകരമായ ഗന്ധകഖനന തൊഴിലാളികളെയും ഒരുപോലെ ആകർഷിച്ച് ഇന്തോനേഷ്യയിലെ കാവാ...

രാത്രിയിൽ നീലജ്വാല തുപ്പുന്ന വിസ്മയം; വിനോദസഞ്ചാരികളെയും അപകടകരമായ ഗന്ധകഖനന തൊഴിലാളികളെയും ഒരുപോലെ ആകർഷിച്ച് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതം

നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് ഇജെനിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് തുടങ്ങിയത്. രാത്രികാലങ്ങളിലാണ് നീലജ്വാലകൾ കൂടുതൽ മനോഹരമായി കാണാൻ സാധിക്കുക എന്നതിനാൽ രാത്രിയിലാണ് സഞ്ചാരികളുടെ യാത്ര.

3

ചുവപ്പും മഞ്ഞയും നിറങ്ങളിൽ ലാവ തിളച്ചുമറിയുന്ന സാധാരണ അഗ്നിപർവതങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാത്രികാലങ്ങളിൽ നീലജ്വാലകൾ തുപ്പുന്ന അപൂർവ വിസ്മയമാണ് ഇന്തോനേഷ്യയിലെ കാവാ ഇജെൻ അഗ്നിപർവതസമുച്ചയം. ഇന്തോനേഷ്യയിലെ ജാവയിൽ 20 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സാഹസിക സഞ്ചാരികളുടെ പ്രധാന താവളമാണ്.

ഇജെൻ പർവതപ്രദേശം, പുലാവു മേരാ ബീച്ച്, അലാസ് പൂർവോ ദേശീയോദ്യാനം എന്നിവയുൾപ്പെടുന്ന ഈ പ്രദേശം 2023-ൽ യുനെസ്കോയുടെ ഗ്ലോബൽ ജിയോപാർക്ക് പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഉയർന്ന മുനമ്പ് ‘ഗുനുങ് മെരാപി’ എന്നാണ് അറിയപ്പെടുന്നത്.

ഈ അഗ്നിപർവതത്തിൽ നിന്ന് ഉയരുന്ന നീലജ്വാലകൾക്ക് പിന്നിലെ പ്രധാന കാരണം അവിടെയുള്ള ഗന്ധകത്തിന്റെ (സൾഫർ) വൻശേഖരമാണ്. ഭൂവൽക്ക വിടവിലൂടെ പുറത്തേക്ക് വരുന്ന സൾഫ്യൂറിക് വാതകം വായുവുമായി സമ്പർക്കത്തിൽ വന്ന് കത്തുമ്പോഴാണ് ഈ മനോഹരമായ നീലജ്വാലകൾ ഉണ്ടാകുന്നത്. ഏകദേശം 600 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയിലാണ് ഇവിടെ ലാവ ഉരുകിയൊലിക്കുന്നത്. അന്തരീക്ഷത്തിൽ വെച്ച് കത്തുന്ന ഈ ജ്വാലകൾ അഞ്ച് മീറ്റർ (16 അടി) വരെ ഉയരത്തിൽ പൊങ്ങാറുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ നീല ലാവാജ്വലന പ്രദേശമായ ഇവിടെ സൾഫ്യൂറിക് വാതകത്തിന്റെ ഒരു ഭാഗം ഘനീഭവിച്ച് വീണ്ടും ദ്രാവകാവസ്ഥയിലാകുന്നത് കൊണ്ടാണ് ജ്വലനം തുടർച്ചയായി നിലനിൽക്കുന്നത്.

ഗുനുങ് മെരാപിയുടെ പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഹരിതനീല അമ്ലഗർത്ത തടാകമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഏകദേശം ഒരു കിലോമീറ്റർ വിസ്തൃതിയുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ അമ്ല ഗർത്തതടാകമാണ്. അതീവ മനോഹരമായി തോന്നുമെങ്കിലും ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡിന് സമാനമായ 0.5 പി.എച്ച് (pH) മൂല്യമുള്ള അതിശക്തമായ സൾഫ്യൂറിക് ആസിഡാണ് ഈ തടാകത്തിലെ ജലത്തിലുള്ളത്. ഉയർന്ന താപനിലയുള്ള ഈ ജലാശയത്തിൽ നിന്ന് നിരന്തരം സൾഫർ അടങ്ങിയ വിഷവാതകങ്ങൾ പുറത്തേക്ക് വമിക്കുന്നുണ്ട്.

നാഷണൽ ജിയോഗ്രഫിക് ചാനൽ തയ്യാറാക്കിയ ഡോക്യുമെന്ററി പുറത്തുവന്നതോടെയാണ് ഇജെനിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്ക് തുടങ്ങിയത്. രാത്രികാലങ്ങളിലാണ് നീലജ്വാലകൾ കൂടുതൽ മനോഹരമായി കാണാൻ സാധിക്കുക എന്നതിനാൽ രാത്രിയിലാണ് സഞ്ചാരികളുടെ യാത്ര. കുത്തനെയുള്ള കയറ്റിറക്കങ്ങളിലൂടെ രണ്ടു മണിക്കൂറോളം സഞ്ചരിച്ചാണ് ആളുകൾ ഇവിടെയെത്തുന്നത്. ഇവിടുത്തെ വിഷപ്പുകയിൽ നിന്നും രക്ഷനേടാൻ സഞ്ചാരികൾ പ്രത്യേകതരം കണ്ണടകളും സുരക്ഷാ ഉപകരണങ്ങളും ധരിക്കേണ്ടതുണ്ട്. എന്നാൽ പലപ്പോഴും തടാകത്തിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങൾ പകർത്താനുള്ള അശ്രദ്ധമായ ശ്രമങ്ങൾ ഇവിടെ വലിയ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകാറുണ്ട്.

സുന്ദരമായ ഈ വിനോദസഞ്ചാര കേന്ദ്രം ലോകത്തിലെ ഏറ്റവും അപകടകരമായ ഒരു തൊഴിൽ മേഖല കൂടിയാണ്. സൾഫ്യൂറിക് ആസിഡ് ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനാവശ്യമായ ഗന്ധകം ഖനനം ചെയ്യാനായി നിരവധി തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ലാവ തണുത്തുറഞ്ഞുണ്ടാകുന്ന മഞ്ഞനിറത്തിലുള്ള ഗന്ധകക്കട്ടകൾ ശേഖരിച്ച് തടാകക്കരയിൽ നിന്ന് 300 മീറ്റർ മുകളിലേക്കും പിന്നീട് മൂന്ന് കിലോമീറ്റർ താഴേക്കും ഇവർ ചുമന്നുകൊണ്ടുവരുന്നു. ഒരു ദിവസം 75 മുതൽ 90 കിലോഗ്രാം വരെ ഭാരമുള്ള കുട്ടകൾ ചുമക്കുന്ന ഇവർക്ക് ദിവസക്കൂലിയായി ലഭിക്കുന്നത് വെറും 13 ഡോളർ മാത്രമാണ്.

അത്യന്തം ദുഷ്കരമായ ഈ ജോലി സാഹചര്യങ്ങളിൽ കഠിനമായ ചൂടാണ് തൊഴിലാളികൾ നേരിടുന്നത്. അന്തരീക്ഷ താപനില 45 മുതൽ 60 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന ഈ പ്രദേശത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. നിരന്തരം വിഷവാതകങ്ങൾ ശ്വസിക്കുന്നത് കാരണം ഇവിടുത്തെ ഭൂരിഭാഗം തൊഴിലാളികൾക്കും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ തൊഴിലാളികളുടെ ശരാശരി ആയുസ്സ് വെറും 50 വയസ്സ് മാത്രമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.