വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ സന്ദേശങ്ങളുടെ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി മാതൃകമ്പനിയായ മെറ്റ. മുൻപ് വാണിജ്യ സ്ഥാപനങ്ങൾക്ക് സൗജന്യമായി അയക്കാമായിരുന്ന ചില സന്ദേശങ്ങൾക്ക് ഒക്ടോബർ 1 മുതൽ നിശ്ചിത തുക ഈടാക്കിത്തുടങ്ങും. ഉപഭോക്താക്കളുടെ സന്ദേശങ്ങൾക്ക് 24 മണിക്കൂർ സമയപരിധിക്കുള്ളിൽ മറുപടി നൽകാനും ഓർഡർ അപ്‌ഡേറ്റുകൾ അയക്കാനും നിലവിൽ സ്ഥാപനങ്ങൾക്ക് പണം നൽകേണ്ടതില്ലായിരുന്നു. എന്നാൽ പുതിയ പരിഷ്കാരത്തോടെ ഈ സൗജന്യ സേവനങ്ങൾക്ക് മെറ്റ നിരക്ക് ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഒക്ടോബർ ഒന്ന് മുതൽ വരുന്ന മാറ്റങ്ങൾ പ്രകാരം, 24 മണിക്കൂർ സമയപരിധിക്കുള്ളിൽ അയക്കുന്ന ഓർഡർ സ്ഥിരീകരണങ്ങൾ, ഡെലിവറി അപ്‌ഡേറ്റുകൾ തുടങ്ങിയ യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് സ്ഥാപനങ്ങൾ മെറ്റയ്ക്ക് ഫീസ് നൽകണം. എന്നാൽ 24 മണിക്കൂറിന് ശേഷം അയക്കുന്ന യൂട്ടിലിറ്റി സന്ദേശങ്ങൾക്ക് നിലവിലുള്ള ഫീസ് രീതിയിൽ മാറ്റങ്ങളൊന്നുമില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ നിരക്ക് വർദ്ധനവ് സാധാരണ വാട്സാപ്പ് ഉപയോക്താക്കളെയോ വാട്സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന ചെറുകിടക്കാെയോ ബാധിക്കില്ല; മറിച്ച് വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന വലിയ വാണിജ്യ സ്ഥാപനങ്ങൾക്കാണ് ഇത് ബാധകമാകുന്നത്.
പുതിയ നിരക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ ജിഎസ്ടി (GST) ഇല്ലാതെ ഓരോ യൂട്ടിലിറ്റി സന്ദേശത്തിനും 0.115 രൂപയാണ് മെറ്റ ഈടാക്കുക. 18 ശതമാനം ജിഎസ്ടി ഉൾപ്പെടെ ഇത് 0.136 രൂപയായി ഉയരും. അതേസമയം, ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് നൽകുന്ന മറുപടികൾക്ക് (സർവീസ് സന്ദേശങ്ങൾ) ഓരോ ബിസിനസ് ഫോൺ നമ്പറിനും പ്രതിമാസം ആദ്യത്തെ 1,000 സന്ദേശങ്ങൾ വരെ സൗജന്യമായിരിക്കും. അതിനുശേഷം അയക്കുന്ന അധിക സർവീസ് മറുപടികൾക്ക് മാത്രമായിരിക്കും നിശ്ചിത നിരക്ക് നൽകേണ്ടിവരുന്നത്.
ഫേസ്ബുക്ക് പേജുകളിലെ ‘ക്ലിക്ക്-ടു-വാട്സാപ്പ്’ (Click-to-WhatsApp) പരസ്യങ്ങൾ വഴിയോ ‘കോൾ-ടു-ആക്ഷൻ’ (Call-to-Action) ബട്ടണുകൾ വഴിയോ സന്ദേശങ്ങൾ ലഭിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്കായി നിലവിലുള്ള 72 മണിക്കൂർ സൗജന്യ സമയപരിധി മെറ്റ തുടരും. ഈ മൂന്ന് ദിവസങ്ങളിൽ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫീസ് നൽകാതെ തന്നെ ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാവുന്നതാണ്.
മെറ്റ പുതിയ നിരക്കുകൾ ഏർപ്പെടുത്തിയാലും വ്യക്തിഗത വാട്സാപ്പ് ഉപയോക്താക്കൾക്ക് സേവനം പൂർണ്ണമായും സൗജന്യമായി തന്നെ തുടരും. ബിസിനസ് സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനോ അവരുടെ മറുപടികളും ഓർഡർ അപ്‌ഡേറ്റുകളും സ്വീകരിക്കുന്നതിനോ ഉപയോക്താക്കൾ യാതൊരു തുകയും നൽകേണ്ടതില്ല. സ്ഥാപനങ്ങൾക്ക് നിർണ്ണായകമായ ഈ പുതിയ പ്ലാൻ മാറ്റങ്ങൾ ഒക്ടോബർ 1 മുതലാണ് നിലവിൽ വരുന്നത്.


