യുവാക്കൾക്കിടയിൽ മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ് അഥവാ ഫാറ്റിലിവർ കേസുകൾ കുത്തനെ ഉയരുന്നതായാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അത്താഴത്തിന് ശേഷമോ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പോ സ്നാക്സുകളും മറ്റ് ഭക്ഷണങ്ങളും കൊറിക്കുന്ന ശീലം ഫാറ്റിലിവർ, ലിവർ സിറോസിസ് തുടങ്ങിയ ഗുരുതര കരൾ രോഗങ്ങൾക്ക് കാരണമാകുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഈ പഠനം ‘ക്ലിനിക്കൽ ഗാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി’ എന്ന പ്രശസ്ത ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻകാല ഗവേഷണങ്ങളിൽ കണ്ടെത്തിയിരുന്നെങ്കിലും, കരളിന്റെ ആരോഗ്യത്തെയും ഇത് കാര്യമായി ബാധിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.
നഴ്സസ് ഹെൽത്ത് സ്റ്റഡി, നഴ്സസ് ഹെൽത്ത് സ്റ്റഡി II, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ-അപ്പ് സ്റ്റഡി എന്നീ മുൻകാല ദേശീയ ഡാറ്റാസെറ്റുകളിൽ നിന്നുള്ള ഏകദേശം 200,000 ആളുകളുടെ ഭക്ഷണക്രമവും ജീവിതശൈലിയും വിശകലനം ചെയ്താണ് ഈ പഠനം നടത്തിയത്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് ഫാറ്റിലിവർ ഉൾപ്പെടെയുള്ള എല്ലാത്തരം കരൾ രോഗങ്ങൾക്കുമുള്ള സാധ്യത 20 ശതമാനം മുതൽ 30 ശതമാനം വരെ കൂടുതലാണെന്ന് പഠനത്തിൽ തെളിഞ്ഞു.
ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നത് രോഗസാധ്യത കുറയ്ക്കും. രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ ദഹനശേഷി കുറയ്ക്കുകയും അത് പൊണ്ണത്തടി, പ്രമേഹം, കരൾ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണവും ഉറക്കവും തമ്മിലുള്ള സമയ ക്രമക്കേടുകളുടെ ഏറ്റവും മോശം ഫലം അനുഭവിക്കുന്ന അവയവം കരളാണെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റിലിവർ പ്രാരംഭഘട്ടത്തിൽ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്. അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, മെറ്റബോളിക് സിൻഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം, ബാരിയാട്രിക് സർജറിയിലൂടെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് എന്നിവയൊക്കെ ഫാറ്റിലിവറിന് കാരണമാകുന്ന ഘടകങ്ങളാണ്.
വൻകുടലിലെ ബാക്ടീരിയകളുണ്ടാക്കുന്ന വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന വിഷപദാർത്ഥങ്ങൾ കരളിലെത്തുന്നതും രോഗത്തിന് വഴിവെക്കാം. ഫാറ്റിലിവർ പ്രധാനമായും മൂന്ന് ഘട്ടങ്ങളിലായാണ് പുരോഗമിക്കുന്നത്: കരളിൽ കൊഴുപ്പടിയുന്ന ആദ്യഘട്ടം, കോശങ്ങൾക്ക് നീർവീക്കമുണ്ടാകുന്ന രണ്ടാം ഘട്ടമായ ഹെപ്പറ്റൈറ്റിസ്, കോശങ്ങൾ വ്യാപകമായി നശിക്കുന്ന മൂന്നാം ഘട്ടമായ സിറോസിസ് എന്നിവയാണവ.
പ്രാരംഭദശയിൽ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ യാദൃച്ഛികമായി നടത്തുന്ന അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് പലപ്പോഴും ഫാറ്റിലിവർ കണ്ടെത്തുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് മുകളിലായി ഭാരം തോന്നുക, വയറുവേദന, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം, കണ്ണിലും ചർമ്മത്തിലും മഞ്ഞനിറം, ശരീരഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. രണ്ടാം ഘട്ടത്തിൽ ഓക്കാനം, വയറുവേദന, വിശപ്പില്ലായ്മ എന്നിവ അനുഭവപ്പെടാം.
ഫാറ്റിലിവർ ബാധിച്ചവർ കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റുകളും അൾട്രാസൗണ്ട് സ്കാനിംഗും നടത്തി കരളിന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തേണ്ടതുണ്ട്. അപൂർവ്വ അവസരങ്ങളിൽ കോശങ്ങൾക്കുണ്ടാകുന്ന നാശം കൃത്യമായി മനസ്സിലാക്കാൻ ലിവർ ബയോപ്സി പരിശോധനയും ആവശ്യമായി വന്നേക്കാം.
ഫാറ്റിലിവറിന്റെ ചികിത്സയിലും പ്രതിരോധത്തിലും മരുന്നുകളേക്കാൾ പ്രധാനം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. പഴങ്ങളും പച്ചക്കറികളും നാരുകളടങ്ങിയ മുഴുധാന്യങ്ങളും നട്സും മത്സ്യവും ഉൾപ്പെടുന്ന സമീകൃത ആഹാരരീതി പിന്തുടരുകയും, ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുകയും വേണം.
കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ ശീതളപാനീയങ്ങൾ, ചുവന്ന മാംസം, ട്രാൻസ്ഫാറ്റ് എന്നിവ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. കൂടാതെ, മദ്യപാനം ഒഴിവാക്കുന്നതും പ്രമേഹവും കൊളസ്ട്രോളും കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കുന്നതും രോഗം വഷളാകാതെ തടയാൻ സഹായിക്കും.


