...
Home Health ഉറക്കമില്ലാതെ മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം: ‘നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ്’

ഉറക്കമില്ലാതെ മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം: ‘നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ്’

ശരീരത്തെ ഉറക്കത്തിലേക്ക് വീഴാൻ അനുവദിക്കാതെ, ഉണർന്നിരിക്കുന്ന അവസ്ഥയിൽ തന്നെ മനസ്സിനെയും ശരീരത്തെയും ശാന്തമായ അവസ്ഥയിലേക്ക് നയിക്കുന്ന വ്യായാമമുറകളും വിശ്രമരീതികളുമാണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റിൽ അടങ്ങിയിരിക്കുന്നത്.

33

ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ ജോലിഭാരവും മാനസിക സമ്മർദ്ദവും കാരണം രാത്രികളിൽ കൃത്യമായി ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് പൂർണമായി ഉറങ്ങാതെ തന്നെ ശരീരത്തിനും മനസ്സിനും ആഴത്തിലുള്ള വിശ്രമം നൽകാൻ സാധിക്കുന്ന നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് (NSDR) എന്ന വിശ്രമരീതി ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള ലോകോത്തര പ്രമുഖർ തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഈ രീതി പിന്തുടരുന്നുണ്ടെന്ന് വെളിപ്പെടുത്തിയതോടെ ഇത് പ്രധാനപ്പെട്ട ഒരു വെൽനസ് ട്രെൻഡായി മാറിയിട്ടുണ്ട്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ന്യൂറോ സയന്റിസ്റ്റും പ്രൊഫസറുമായ ഡോ. ആൻഡ്രൂ ഹ്യൂബർമാൻ ആണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് എന്ന ആശയം മുന്നോട്ടുവെച്ചത്. പൗരസ്ത്യ ആത്മീയതയിലെ യോഗനിദ്ര എന്ന സങ്കൽപ്പത്തിൽ നിന്നാണ് അദ്ദേഹം ഈ ആശയം ഉൾക്കൊള്ളുകയും ഇതിന് ശാസ്ത്രീയമായ ഒരു പാശ്ചാത്യ നാമം നൽകുകയും ചെയ്തത്. ആദ്യഘട്ടത്തിൽ യോഗനിദ്രയുടെ ശാസ്ത്രീയ നാമമായിട്ടാണ് ഉപയോഗിച്ചിരുന്നതെങ്കിലും, നിലവിൽ യോഗനിദ്രയ്ക്ക് പുറമെ ഗൈഡഡ് മെഡിറ്റേഷൻ, ഹൈപ്നോസിസ്, ശ്വസന വ്യായാമങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ ശൃംഖലയായി എൻ.എസ്.ഡി.ആർ മാറിയിട്ടുണ്ട്.

ശരീരത്തെ ഉറക്കത്തിലേക്ക് വീഴാൻ അനുവദിക്കാതെ, ഉണർന്നിരിക്കുന്ന അവസ്ഥയിൽ തന്നെ മനസ്സിനെയും ശരീരത്തെയും ശാന്തമായ അവസ്ഥയിലേക്ക് നയിക്കുന്ന വ്യായാമമുറകളും വിശ്രമരീതികളുമാണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റിൽ അടങ്ങിയിരിക്കുന്നത്. വെറുതെ കിടന്ന് നിർദ്ദേശങ്ങൾക്ക് അനുസൃതമായി മനസ്സുകൊണ്ട് ശരീരത്തിലെ ഓരോ അവയവങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ആഴത്തിലുള്ള ശാന്തത കൈവരിക്കുന്ന പരമ്പരാഗത രീതി യോഗനിദ്രയിൽ ഉൾപ്പെടുന്നു. ദിവസവും 10 മുതൽ 30 മിനിറ്റ് വരെ എൻ.എസ്.ഡി.ആർ പരിശീലിക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ ഏറെ ഉത്തമമാണ്.

നമ്മുടെ നാഡീവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് നോൺ-സ്ലീപ്പ് ഡീപ് റെസ്റ്റ് പ്രവർത്തിക്കുന്നത്. മാനസിക സമ്മർദ്ദത്തിന് കാരണമാകുന്ന ശരീരത്തിലെ സിമ്പതറ്റിക് നെർവ് സിസ്റ്റത്തിന്റെ പ്രവർത്തനം കുറയ്ക്കാനും, വിശ്രമത്തിന് സഹായിക്കുന്ന പാരസിമ്പതറ്റിക് നെർവ് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും ഈ രീതിക്ക് സാധിക്കുന്നു. വ്യായാമത്തിനിടയിൽ തലച്ചോറിലെ തരംഗങ്ങളുടെ വേഗത കുറയുകയും ഉറക്കത്തിൽ സംഭവിക്കുന്നതിന് സമാനമായ പ്രശാന്തമായ അവസ്ഥയിലേക്ക് മസ്തിഷ്കം എത്തിച്ചേരുകയും ചെയ്യുന്നു.

ഈ വിശ്രമരീതി തലച്ചോറിൽ ഡോപ്പാമൈന്റെ ഉത്പാദനം വർധിപ്പിക്കാനും രക്തസമ്മർദ്ദവും ഹൃദയമിടിപ്പിന്റെ നിരക്കും കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ദിവസേനയുള്ള എൻ.എസ്.ഡി.ആർ പരിശീലനം വിഷാദം, ഉത്കണ്ഠ, ദേഷ്യം എന്നിവ ഇല്ലാതാക്കാൻ ഉപകരിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ വീക്കങ്ങൾ കുറച്ച് പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് ഏറെ അനുയോജ്യമാണ്.

പുതിയ കാര്യങ്ങൾ വേഗത്തിൽ പഠിക്കാനും തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) മെച്ചപ്പെടുത്താനും എൻ.എസ്.ഡി.ആർ സഹായിക്കുന്നു. ഉച്ചസമയത്തോ വൈകുന്നേരങ്ങളിലോ ഉണ്ടാകുന്ന ശാരീരിക തളർച്ചയും ഉറക്കംതൂങ്ങലും മാറ്റിയെടുക്കാൻ സാധാരണ നാപ്പിന് (nap) പകരമായി ഈ വിശ്രമരീതി ഉപയോഗിക്കാമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.