കൈക്കൂലി പരാതിയില്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെതിരായ ദുരൂഹത തുടരുന്നു. നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പെട്രൊൾ പമ്പ് അപേക്ഷകൻ പ്രശാന്തനും മറ്റൊരു സംരംഭകനും തമ്മിലുള്ള നിര്‍ണായ ശബ്‌ദരേഖ പുറത്തുവന്നു. എഡിഎം കൈക്കൂലിക്കാരന്‍ അല്ലെന്ന് പ്രശാന്തന്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിൽ. എന്‍ഒസി ലഭിക്കാത്തത് പൊലീസ് റിപ്പോര്‍ട്ട് എതിരായതിനാലെന്നും പ്രശാന്തന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നതായി ഒരു പ്രമുഖ ചാനൽ എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ടു.
നവീന്‍ ബാബുവിനെതിരായ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തൻ്റെ പരാതിയില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ആക്കം നല്‍കുന്നതാണ് ഈ ഫോണ്‍ സംഭാഷണം. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പ്രകാരം ഒക്ടോബര്‍ ആറിന് കൈക്കൂലി നല്‍കി എന്നാണ് പറയുന്നത്. എന്നാല്‍, ഒക്ടോബര്‍ ഏഴാം തീയതി രാത്രി 8.26ന് മറ്റൊരു സംരംഭകനുമായി നടത്തുന്ന സംഭാഷണത്തില്‍ പ്രശാന്തന്‍ ഒരിടത്തും കൈക്കൂലിയെ കുറിച്ച് പറയുന്നില്ല എന്നതാണ് എഡിഎമ്മിന് അനുകൂലമായ ഒരു തെളിവ്.
എഡിഎം ഓഫീസില്‍ എന്‍ഒസിക്കായി എത്തിയപ്പോഴായിരുന്നു മറ്റൊരു സംരംഭകനെ പ്രശാന്തന്‍ പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും എന്‍ഒസി ലഭിച്ചിരുന്നില്ല. ഇതിൻ്റെ ആശങ്കകളാണ് ഇരുവരും ഫോൺ സംഭാഷണത്തിൽ പങ്കുവെയ്ക്കുന്നത്. എഡിഎം നവീന്‍ ബാബു കൈക്കൂലിക്കാരൻ ആണെന്നുള്ള സൂചനയില്ലെന്ന് പ്രശാന്തന്‍ ആ സംഭാഷണത്തിൽ പറയുന്നുണ്ട് എന്നാണ് സംഭാഷണത്തിലുള്ളത്. താന്‍ ആദ്യം അങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍ തനിക്ക് പെട്രോൾ പമ്പിന് എന്‍ഒസി ലഭിക്കാതിരിക്കാനുള്ള കാരണം പൊലീസാണ്. പൊലീസിൻ്റെ റിപ്പോര്‍ട്ട് തനിക്ക് എതിരായിരുന്നുവെന്നും പ്രശാന്തന്‍ ഫോൺ സംഭാഷണത്തിൽ പറയുന്നതായി വിവരങ്ങൾ പുറത്തുവന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ സൈബറിടങ്ങളിൽ രൂക്ഷ വിമർശനവുമായി ആളുകൾ രംഗത്ത് വന്നു. യാത്രയയപ്പ് യോഗത്തിൽ തന്നെ ഇത്തരത്തിൽ ആക്ഷേപം വേണമായിരുന്നോ എന്നും ക്ഷണിക്കാതെ അവിടെ ചെന്ന് എന്തൊക്കെയാണ് പറഞ്ഞതെന്നും ഫേസ്ബുക്കിൽ വിമർശനം. പിപി ദിവ്യയുടെ പേജിലെ പോസ്റ്റുകൾക്ക് താഴെ കമന്റുകളായിട്ടാണ് വിമർശനങ്ങളുയരുന്നത്.
‘ഇപ്പോൾ സമാധാനം ആയല്ലോ അല്ലെ? നിങ്ങൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് ഒഫീഷ്യൽ ആയി അധികാരികളെ അറിയിക്കണമായിരുന്നു. അല്ലാതെ ഒരു മനുഷ്യനെ അയാളുടെ യാത്രയയപ്പ് ചടങ്ങിന് വന്ന് അവഹേളിക്കുക അല്ല വേണ്ടത്’, ‘എന്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിക്കെതിരെ ആരോപണം ഉന്നയിച്ചത്? വ്യക്തമായ തെളിവിൻ്റെ അടിസ്ഥാനത്തിലാണോ ??? എങ്കിൽ ആ തെളിവ് പുറത്ത് വിടാൻ നിങ്ങൾ ബാധ്യസ്ഥയാണ്. അല്ലാത്തപക്ഷം ഈ മരണത്തിന് ഉത്തരവാദി നിങ്ങളായിരിക്കും’ ‘മനുഷ്യനാകൂ… എന്ന് പാട്ട് പാടിയാൽ മാത്രം പോര,.. മനുഷ്യനാവുകയെങ്കിലും വേണം,’ -തുടങ്ങിയ കമന്റുകളുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് പേജിൽ നിരവധിപേർ എത്തുന്നുണ്ട്. അതേസമയം ആത്മഹത്യയില്‍ ദിവ്യ എവിടെയാണ് കുറ്റക്കാരിയാകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
യാത്രയയപ്പ് സമ്മേളനത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍റെ സാന്നിധ്യത്തിലാണ് ദിവ്യ അഴിമതി ആരോപണം നടത്തിയത്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കാന്‍ എഡിഎം വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പിപി ദിവ്യ ആരോപിച്ചത്. ഇതിൻ്റെ വിവരങ്ങളെല്ലാം തൻ്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആരോപണം ഉന്നയിച്ച തൊട്ടടുത്ത ദിവസമാണ് എഡിഎമ്മിനെ വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.




