വധശിക്ഷ നടപ്പാക്കുന്നതിന് ആഗോളതലത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ മൂന്നാം കമ്മിറ്റിയിൽ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ. മെക്സിക്കോ മുന്നോട്ടുവച്ച പ്രമേയത്തെ 133 രാജ്യങ്ങൾ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 33 രാജ്യങ്ങൾ എതിർത്തു. 16 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതുസംബന്ധിച്ച് ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.
ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ ആദ്യ സെക്രട്ടറി ഭവിക മംഗളാനന്ദൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കി. വധശിക്ഷയുടെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഏകാഭിപ്രായമില്ലെന്നും ഓരോ പരമാധികാര രാജ്യത്തിനും സ്വന്തം നിയമവ്യവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് ശിക്ഷകൾ തീരുമാനിക്കാൻ അവകാശമുണ്ടെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ ‘അപൂർവങ്ങളിൽ അപൂർവമായ’ കേസുകളിൽ മാത്രമാണ് വധശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. നിയമപരമായ നടപടിക്രമങ്ങളും കർശനമായ സുരക്ഷാ സംവിധാനങ്ങളും പാലിച്ച ശേഷമാണ് ഇത്തരം ശിക്ഷകൾ നടപ്പാക്കുന്നതെന്നും ഇന്ത്യ വ്യക്തമാക്കി. നിയമപരമായ വിചാരണയ്ക്കു ശേഷം വിധിക്കുന്ന വധശിക്ഷയെ അന്യായമായ കൊലപാതകങ്ങളോടോ പീഡനങ്ങളോടോ തുലനം ചെയ്യാനാകില്ലെന്നും ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കു പുറമെ അമേരിക്ക, ചൈന, ജപ്പാൻ, പാകിസ്ഥാൻ, ഇറാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ എതിർത്തു. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ രാജ്യത്തിന്റെ നിയമങ്ങൾക്കും നീതിന്യായ വ്യവസ്ഥയുടെ പരിശോധനകൾക്കും വിധേയമായാണ് നടപ്പാക്കുന്നതെന്ന നിലപാടും ഇന്ത്യ ആവർത്തിച്ചു.


