11 November 2026
Home News International ആകാശത്ത് നിന്ന് കൂറ്റന്‍ ലോഹവളയം പതിച്ചു; ഞെട്ടലില്‍ ഗ്രാമവാസികള്‍

ആകാശത്ത് നിന്ന് കൂറ്റന്‍ ലോഹവളയം പതിച്ചു; ഞെട്ടലില്‍ ഗ്രാമവാസികള്‍

ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം.

353

ബഹിരാകാശത്തേക്കയച്ച റോക്കറ്റിന്റെത് എന്ന് സംശയിക്കുന്ന കൂറ്റന്‍ ലോഹവളയം മണ്ണിലേക്ക് പതിച്ചതിന്റെ ഞെട്ടലിലാണ് കെനിയയിലെ മുകുകു ഗ്രാമവാസികള്‍. ഈ ലോഹ കഷണത്തെ കുറിച്ച് കെനിയന്‍ സ്‌പേസ് ഏജന്‍സി അന്വേഷണം ആരംഭിച്ചു.

2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം കെനിയയില്‍ ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്‌പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഡിസംബര്‍ 30നാണ് ലോഹവളയം കെനിയയിലെ മുകുകു ഗ്രാമത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പതിച്ചതെന്നാണ് വിവരം.

ഒരുപക്ഷെ ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ കത്തിത്തീരുന്ന രീതിയിലോ കടല്‍ പോലുള്ള ആള്‍ത്താമസമില്ലാത്ത ഇടങ്ങളില്‍ പതിക്കുന്ന രീതിയിലോ ആണ് ഇവ സാധാരണയായി രൂപകല്‍പന ചെയ്യുക .

ഇത് ഭൂമിയില്‍ പതിച്ചത് അസാധാരണ സംഭവമാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കും എന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, ഇത് ബഹിരാകാശ മാലിന്യമല്ല എന്ന തര്‍ക്കവും സജീവമായിട്ടുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ ചൂടായതിന്റെ യാതൊരു അടയാളവും ഈ ലോഹവളയത്തിന് കാണുന്നില്ലെന്നാണ് വാന നിരീക്ഷകനായ ജൊനാഥന്‍ മക്ഡൊവെല്ലിന്റെ അഭിപ്രായം. അതേസമയം ബഹിരാകാശ അവശിഷ്ടങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും ഇപ്പോള്‍ സജീവമാണ്.