...
Home News National സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വെള്ളപ്പൊക്കത്തിൽ മൂന്ന് മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ വെള്ളപ്പൊക്കത്തിൽ മൂന്ന് മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

കാലവർഷവും വെള്ളപ്പൊക്കവും കണക്കിലെടുത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താത്ത അധികൃതർ

220

ന്യൂഡെൽഹി: കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായ ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിലെ റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ബേസ്‌മെൻ്റിൽ കുടുങ്ങി മരിച്ച മൂന്ന് സിവിൽ സർവീസ് വിദ്യാർത്ഥികളിൽ ഒരു മലയാളിയും. ശനിയാഴ്‌ച വൈകുന്നേരമാന് അപകടം.

താനിയ സോണി(25), ശ്രേയ യാദവ് (25), നവീൻ ഡെൽവിൻ (28) എന്നിവരാണ് ദാരുണമായി മരിച്ചത്. താനിയ തെലങ്കാനയിലും ശ്രേയ ഉത്തർപ്രദേശിലും നവിൻ കേരളത്തിലും (എറണാകുളം) താമസക്കാരായിരുന്നു. സിവിൽ സർവീസ് മോഹികളായിരുന്നു ഇവരെല്ലാം.

രക്ഷാപ്രവർത്തനം തുടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് രണ്ട് വിദ്യാർത്ഥിനികളുടെ മൃതദേഹം പുറത്തെടുത്തത്. മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹം രാത്രിയോടെയാണ് കണ്ടെടുത്തത്.

150 ഓളം പേർക്ക് ഇരിക്കാവുന്ന ഒരു ലൈബ്രറിയാണ് ബേസ്‌മെൻ്റിൽ ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. പെട്ടെന്ന് വെള്ളം കയറിയപ്പോൾ നിരവധി വിദ്യാർത്ഥികൾ അവിടെ ഉണ്ടായിരുന്നു.

കോച്ചിംഗ് സെൻ്റർ നിർമ്മിച്ചത് ചരിവുള്ള ഒരു തെരുവിലാണ്. കനത്ത മഴയ്ക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വെള്ളം പെട്ടെന്ന് എത്തിയതിൻ്റെ കാരണങ്ങളിലൊന്ന് ഇതാണ്. വെള്ളത്തിൻ്റെ കുത്തൊഴുക്ക് അടിത്തട്ടിലെ വാതിൽ തകർത്തതായും റിപ്പോർട്ടുണ്ട്. റോഡിലെ അഴുക്കുചാൽ കവിഞ്ഞൊഴുകിയതാണോ വെള്ളക്കെട്ടിന് കാരണമായതെന്നും അന്വേഷിക്കുന്നുണ്ട്.

വെള്ളപ്പൊക്കത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫർണിച്ചറുകൾ പൊങ്ങിക്കിടക്കാൻ തുടങ്ങിയെന്നും ഏഴ് മണിക്കൂറിലധികം രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതായും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡൽഹി ഫയർ ഡിപ്പാർട്ട്‌മെൻ്റ് പറയുന്നതനുസരിച്ച്, കോച്ചിംഗ് സ്ഥാപനത്തിൻ്റെ ബേസ്‌മെൻ്റ് വെള്ളത്തിനടിയിലായതിനെ കുറിച്ച് ശനിയാഴ്‌ച രാത്രി ഏഴുമണിയോടെ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിളിൽ നിന്ന് ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഇതേതുടർന്നാണ് രക്ഷാപ്രവത്തനം നടത്തിയത്.

വൻ ദുരന്തമാണ് ഡൽഹിയിൽ സംഭവിച്ചത്. കാലവർഷവും വെള്ളപ്പൊക്കവും കണക്കിലെടുത്ത് യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്താത്ത അധികൃതർക്കെതിരെ, വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്. ഡൽഹിയിൽ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം നടക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.