...
Home News ഓസ്‌ട്രേലിയയിൽ ഒരു ‘മിനി ഇന്ത്യ’; തെരുവുകൾക്ക് മീററ്റും ഡൽഹിയും ആഗ്രയും അടക്കമുള്ള ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ

ഓസ്‌ട്രേലിയയിൽ ഒരു ‘മിനി ഇന്ത്യ’; തെരുവുകൾക്ക് മീററ്റും ഡൽഹിയും ആഗ്രയും അടക്കമുള്ള ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥരും ജീവനക്കാരും വിരമിച്ച ശേഷം മിച്ചാമിൽ താമസമാക്കിയതാണ് ഈ പേരുകൾക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് പ്രദേശത്തെ ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

2

ഓസ്‌ട്രേലിയയിലെ മെൽബണിന് സമീപമുള്ള മിച്ചാം എന്ന പ്രദേശം ഇന്ത്യൻ നഗരങ്ങളുടെ പേരിലുള്ള തെരുവുകളിലൂടെ ശ്രദ്ധ നേടുന്നു. ഏകദേശം 17,000 പേർ മാത്രം താമസിക്കുന്ന പ്രദേശത്തെ നിരവധി തെരുവുകൾക്ക് മീററ്റ്, ഡൽഹി, ആഗ്ര, ലഖ്‌നൗ, ബനാറസ്, കൊൽക്കത്ത, ഷിംല തുടങ്ങിയ ഇന്ത്യൻ നഗരങ്ങളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. നൂറിലേറെ വർഷമായി ഈ പേരുകൾ ഔദ്യോഗിക രേഖകളിലും നിലനിൽക്കുന്നുണ്ട്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥരും ജീവനക്കാരും വിരമിച്ച ശേഷം മിച്ചാമിൽ താമസമാക്കിയതാണ് ഈ പേരുകൾക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് പ്രദേശത്തെ ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. അവർ ഇന്ത്യയിൽ താമസിച്ചിരുന്ന നഗരങ്ങളുടെ പേരുകളാണ് പിന്നീട് മിച്ചാമിലെ തെരുവുകൾക്ക് നൽകിയത്.

വൈറ്റ്‌ഹോഴ്‌സ് സിറ്റി കൗൺസിലിന്റെ കീഴിലുള്ള പ്രദേശത്തെ സർക്കാർ രേഖകളിൽ ഈ തെരുവുകൾ ‘റിട്ടയേർഡ് ആർമി ഓഫീസർ, ഇന്ത്യൻ സിറ്റി സീരീസ്’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മീററ്റ് സ്ട്രീറ്റും എഡ്ഗർ വാക്കറും

1886-ൽ എഡ്ഗർ വാക്കർ എന്ന വ്യവസായി മിച്ചാമിൽ ടൈൽ നിർമാണ കമ്പനി ആരംഭിച്ചിരുന്നു. ഇന്ത്യയുമായും ശ്രീലങ്കയുമായും വ്യാപാരബന്ധം പുലർത്തിയിരുന്ന വാക്കർ പിന്നീട് ‘മീററ്റ് സ്ട്രീറ്റിൽ’ താമസമാക്കി. ഇന്ത്യയുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് തെരുവിന് ആ പേര് ലഭിക്കാൻ കാരണമായതെന്നാണ് ചരിത്രവിവരങ്ങൾ.

എഡ്ഗർ വാക്കറുടെ സ്മരണാർഥം പ്രദേശത്തെ വാർഡ് ‘വാക്കർ വാർഡ്’ എന്ന പേരിലും അറിയപ്പെടുന്നു.

ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ ഇന്നും മിച്ചാമിലെ ജനങ്ങൾക്ക് പ്രത്യേകമായൊരു സാംസ്കാരിക ബന്ധമാണ് നൽകുന്നത്. മെൽബണിൽ വർഷങ്ങളായി താമസിക്കുന്ന കാൺപൂർ സ്വദേശിയായ ഡോക്ടർ വിവേക് നിഗം, ഇന്ത്യൻ നഗരങ്ങളുടെ പേരിലുള്ള തെരുവുകൾ കാണുന്നതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു.

മീററ്റ് സ്വദേശിയായ മഹേഷ് കൗശിക്കും മിച്ചാമിലെ ‘മീററ്റ് സ്ട്രീറ്റും’ ‘ഡൽഹി സ്ട്രീറ്റും’ ജന്മനാടിന്റെ ഓർമകൾ നൽകുന്നതായി പ്രതികരിച്ചു. ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഓസ്‌ട്രേലിയയിൽ ഇന്ത്യൻ നഗരങ്ങളുടെ പേരുകൾ നിലനിൽക്കുന്നത് രാജ്യത്തിന്റെ ചരിത്രബന്ധത്തിന്റെ കൗതുകകരമായ ഉദാഹരണമായി മാറുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.