14 July 2026
Home News Kerala ‘രാഷ്ട്രീയ ജീവിതം ഒരു ആശയമാക്കിയ ജനകീയ മുഖം’; കാന്തപുരം എപി ഉസ്‌താദ്

‘രാഷ്ട്രീയ ജീവിതം ഒരു ആശയമാക്കിയ ജനകീയ മുഖം’; കാന്തപുരം എപി ഉസ്‌താദ്

കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ സാധ്യമായിട്ടുണ്ടെന്നും കാന്തപുരം

171

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം) നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നതെന്ന് കാന്തപുരം എപി അബൂബക്കർ മുസല്യാർ. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ്‌ ആയിരുന്നപ്പോഴും ഉള്‍പ്പെടെ പലതവണ അദ്ദേഹവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്.

പല വേദികളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ട്. മര്‍കസിൻ്റെയും സുന്നി പ്രസ്ഥാനത്തിൻ്റെയും പ്രവര്‍ത്തനങ്ങളെ അടുത്തറിയുകയും മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മര്‍കസ് സന്ദര്‍ശിക്കുകയും ചെയ്‌തു. സച്ചാര്‍ കമ്മിറ്റിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിൻ്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുകയും ന്യൂനപക്ഷ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ സാധ്യമാക്കുകയും ചെയ്‌ത പാലൊളി കമ്മിറ്റി അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് നിയോഗിക്കപ്പെടുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അനുവദിച്ച അലിഗഢ് സര്‍വകലാശാല സെൻ്റെര്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ സാക്ഷാത്കരിക്കുന്നതില്‍ അദ്ദേഹത്തിൻ്റെ മന്ത്രിസഭക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. മറ്റ് പലയിടത്തും അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നത് വസ്‌തുതയാണ്.

കരിപ്പൂരിലെ ഹജ്ജ് ഹൗസ്, മുസ്ലിം പെണ്‍കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹത്തിൻ്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ടെന്നും കാന്തപുരം അനുസ്‌മരിച്ചു. വിഎസിൻ്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സ്‌നേഹജനങ്ങളെയും കാന്തപുരം എ.പി ഉസ്‌താദ്‌ അനുശോചനം അറിയിച്ചു.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം: